കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി തള്ളി സുപ്രീം കോടതി. സമാന ആവശ്യം ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഇതോടെ സുനി വിചാരണത്തടവുകാരനായി ജയിലില്‍ തുടരും.
ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണു ഹര്‍ജി തള്ളിയത്. അതിജീവിതയുടെ മൊഴി വായിച്ചിട്ടുണ്ടെന്നും സുനിക്കു ജാമ്യത്തിന് അര്‍ഹതയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഷീനാ ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്കു വേണ്ടി ഹാജരാകുന്ന മുംബൈയിലെ അഭിഭാഷക സന റഈസ് ഖാന്‍ ആണു സുനിക്കുവേണ്ടി 17.04.2023 തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹാജരായത്. ആറു വര്‍ഷത്തിലേറെയായി വിചാരണത്തടവുകാരനായി തുടരുകയാണെന്നും കേസിന്റെ വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ ഇടയില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സുനിയുടെ ആവശ്യം.
2017-ലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ യുവനടി ആക്രമണത്തിനിരയായത്. ദിവസങ്ങള്‍ക്കകം പള്‍സര്‍ സുനി പോലീസിന്റെ പിടിയിലായി. പിന്നീടു മാസങ്ങള്‍ക്കു ശേഷം കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി നടന്‍ ദിലീപ് അറസ്റ്റിലായി. 85 ദിവസത്തോളം ജയിലില്‍ കഴിഞ്ഞശേഷം ദിലീപിനു ജാമ്യം ലഭിച്ചു. പിന്നീട് ഓരോ ഘട്ടങ്ങളിലായി മറ്റു പ്രതികള്‍ എല്ലാവരും ജാമ്യം ലഭിച്ചുപുറത്തുവന്നു.
സുനിക്കു മാത്രമാണു ജാമ്യം ലഭിക്കാതിരുന്നത്. ഇതോടെ 2022-ലാണ് ആദ്യം സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. തിരിച്ചടി നേരിട്ടപ്പോള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യ വിചാരണ പുരോഗമിക്കുകയാണ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് എന്നിവരുടെ വിചാരണയാണു പൂര്‍ത്തിയാകാനുള്ളത്.