ദുബായി: കാൽനടയാത്രക്കാർക്കായുളള സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നലിങ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാനൊരുങ്ങി ദുബായി ആർടിഎ. ദുബായിലെ 10 ഇടങ്ങളിലാണ് പുതുതായി സ്മാർട്ട് സിഗ്നലുകൾ സജ്ജീകരിക്കുക. കാൽ നടയാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടാണ് പദ്ധതി. എമിറേറ്റിലെ 10 പുതിയ മേഖലകളിലാണ് സ്മാർട്ട് സിഗ്നലുകൾ സജ്ജീകരിക്കുക. ഒന്നാം ഘട്ട സിഗ്നലിങ് വിജയകരമായതിനെ തുടർന്നാണ് രണ്ടാം ഘട്ടത്തിന് അധികൃതർ തുടക്കമിട്ടിരിക്കുന്നത്.
വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുകയെന്ന ഉദ്ദേശത്തോടെ അത്യാധുനിക സെൻസറുകളുടെ സഹായത്തോടെയാണ് സിഗ്‌നലുകൾ നടപ്പാക്കുക. കാൽനടയാത്രക്കാർ റോഡു മുറിച്ച് കടക്കുന്നത് മനസ്സിലാക്കുകയും സിഗ്‌നലുകളുടെ പ്രവർത്തനം ക്രമീകരിക്കുകയും ചെയ്യുന്നതുൾപ്പെടെയുളളവ ഉൾപ്പെടുത്തിയാണ് സ്മാർട്ട് സിഗ്‌നലുകളുടെ പ്രവർത്തനം നടക്കുകയെന്നും സ്മാർട്ട് പെഡസ്ട്രിയൻ സിഗ്‌നലുകൾ അവതരിപ്പിച്ചതിനുശേഷം കാൽനട അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഫലങ്ങൾ കാണിക്കുന്നതായും ആർടിഎ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഹമ്മദ് അൽ അലി പറഞ്ഞു.
പ്രായമായവർക്കും മറ്റും കൂടുതൽ സുരക്ഷയുറപ്പാക്കാൻ പുതിയ പദ്ധതിയിലൂടെ സാധ്യമാവും. ദുബായിയെ ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റിയാക്കുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ചവിട്ടുപടിയാണിതെന്നും 2024 അവസാനത്തോടുകൂടി ഇത്തരം സിഗ്‌നലുകളുളള മേഖലകളുടെ എണ്ണം 28 ആയി ഉയർത്താനാണ് പദ്ധതിയെന്നും അധികൃതർ വ്യക്തമാക്കി.

