ന്യൂഡൽഹി: സർക്കാരിനെതിരായ സച്ചിൻ പൈലറ്റിന്റെ സമരം സംഘടനാ വിരുദ്ധമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സുഖ്ജീന്ദർ സിങ് രൺധാവ പ്രസ്താവനയിറക്കി. പ്രശ്‌നങ്ങളുണ്ടെങ്കിൽ പാർട്ടി വേദിയിലാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സർക്കാരിനെതിരെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പാർട്ടി വേദികളിലാണ് ചർച്ച ചെയ്യേണ്ടത്. അല്ലാതെ മാധ്യമങ്ങളിലോ പൊതു സ്ഥലത്തോ അല്ല. കഴിഞ്ഞ അഞ്ച് മാസമായി തനിക്ക് രാജസ്ഥാന്റെ ചുമതലയുണ്ടെന്നും സച്ചിൻ പൈലറ്റിന്റെ ഇപ്പോഴത്തെ വിഷയം ചർച്ചയിൽ വന്നിട്ടില്ലെന്നും സുഖ്ജീന്ദർ സിങ് രൺധാവ പറഞ്ഞു.
രാജസ്ഥാനിലെ അഴിമതിയെ കുറിച്ചുള്ള തന്റെ നിലപാട് സംസ്ഥാനത്തെ സാധാരണക്കാരുടെതാണെന്നാണ് സച്ചിൻ പൈലറ്റിന്റെ വാദം. 11/04/23 ചൊവ്വാഴ്ചത്തെ സത്യഗ്രഹം സംസ്ഥാനത്തെ എല്ലാ സാധാരണ ജനങ്ങളുടെയും നിലപാട് പ്രതിഭലിപ്പിക്കും എന്ന് സച്ചിൻ അവകാശപ്പെട്ടു. താൻ നടത്തുന്നത് പാർട്ടി വിരുദ്ധ സമരമല്ല. വസുന്ദരാ രാജേയ്ക്ക് എതിരായ ആരോപണങ്ങളിൽ പോലും അന്വേഷണം ഇല്ലെന്നത് അടക്കമാണ് ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിൽ തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും സച്ചിൻ പൈലറ്റ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
ഹൈക്കാമാൻഡ് പ്രതിനിധികൾ സത്യഗ്രഹം പിൻവലിക്കാൻ സമ്മർദം ശക്തമാക്കിയ സാഹചര്യത്തിലാണ് സച്ചിൻ നിലപാട് വ്യക്തമാക്കിയത്. സച്ചിൻ സത്യഗ്രഹവുമായ് മുന്നോട്ട് പോയാൽ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി വേണമെന്ന് ഉറച്ച നിലപാടിലാണ് ഗെഹ്ലോട്ട് പക്ഷവും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സച്ചിന്റേത് വിമതനീക്കമായ് പരിഗണിക്കണമെന്ന് ഗെഹ്ലോട്ട് വിഭാഗം കേന്ദ്ര നേത്യത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

