അമിത് ഷാ അരുണാചലില്‍; എതിര്‍പ്പുമായി ചൈന

ഇറ്റാനഗര്‍: ഇന്ത്യയുടെ പ്രാദേശിക പരമാധികാരത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നമ്മുടെ ഒരിഞ്ചുപോലും ആര്‍ക്കും കവര്‍ന്നെടുക്കാനാകില്ലെന്നും ചൈനയുടെ എതിര്‍പ്പിനിടെ അരുണാചല്‍പ്രദേശിലെത്തിയ അമിത് ഷാ പറഞ്ഞു. ദ്വിദിന അരുണാചല്‍ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ, അതിര്‍ത്തി ഗ്രാമവും ഇന്ത്യയുടെ ഏറ്റവും കിഴക്കന്‍ പ്രദേശവുമായ കിബിത്തൂവില്‍ വൈബ്രന്റ് വില്ലേജ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

”സൂര്യന്റെ ആദ്യകിരണങ്ങള്‍ പതിക്കുന്നത് ഇവിടെയാണ്. അരുണാചല്‍പ്രദേശിലെ ജനങ്ങളുടെ രാജ്യസ്‌നേഹത്തെ സല്യൂട്ട് ചെയ്യുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് സമാധാനത്തോടെ വീടുകളില്‍ ഉറങ്ങാന്‍ കഴിയുന്നത് അതിര്‍ത്തിയില്‍ സൈനികര്‍ കാവല്‍ നില്‍ക്കുന്നതിനാലാണ്. ഒരാള്‍ക്കും രാജ്യത്തിനുമേല്‍ ഇന്ന് കണ്ണു വെക്കാന്‍ കഴിയില്ല. ഇന്ന് ഭീകരവാദത്തിന്റെ യാതൊരു ഭീഷണിയും രാജ്യത്തില്ല” -അമിത് ഷാ പറഞ്ഞു.

2014 നു മുമ്പ് വടക്കുകിഴക്കന്‍ മേഖലയാകെ പ്രശ്‌നബാധിതപ്രദേശമായാണു കണ്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ ഒമ്പതു വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കിഴക്കോട്ടു നോക്കുക നയം മൂലം രാജ്യത്തിന്റെ വികസനത്തില്‍ സംഭാവനചെയ്യുന്ന പ്രദേശമായാണു വടക്കുകിഴക്കന്‍ മേഖല പരിഗണിക്കപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ ചൈന ശക്തമായ എതിര്‍പ്പാണു പ്രകടിപ്പിച്ചിരിക്കുന്നത്. അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനവും മേഖലയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ചൈനയുടെ പ്രാദേശികമായ പരമാധികാരം ലംഘിക്കുന്നതാണെന്നുചൈനീസ് വിദേശമന്ത്രാലയ വക്താവ് 10/04/23 തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ചൈന, അരുണാചല്‍പ്രദേശിലെ ചില പ്രദേശങ്ങളുടെ പേരു മാറ്റിക്കൊണ്ട്, ആ പ്രദേശങ്ങള്‍ അവരുടേതാണെന്ന് അവകാശപ്പെട്ടിരുന്നു.

സാങ്‌നാന്‍ ചൈനയുടെ പ്രദേശമാണ്. ഇന്ത്യന്‍ അധികൃതര്‍ ആ പ്രദേശം സന്ദര്‍ശിക്കുന്നത് ചൈനയുടെ പ്രാദേശിക പരമാധികാരത്തിനുനേരേയുള്ള വെല്ലുവിളിയാണ്. അതിര്‍ത്തിയില്‍ സാമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ഇത് ഉപകരിക്കില്ല. ചൈനീസ് വിദേശമന്ത്രാലയ വക്താവ് പറഞ്ഞു. അതേസമയം, അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും ചൈന ചില പേരുകള്‍ നല്‍കുന്നതുകൊണ്ട് യാഥാര്‍ഥ്യം മാറില്ലെന്നും ഇന്ത്യന്‍ വിദേശമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അരുണാചല്‍ പ്രദേശിനു മേലുള്ള ചൈനയുടെ അവകാശവാദത്തെ യു.എസും വിമര്‍ശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →