ന്യൂഡല്‍ഹി: ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓക്സ്ഫാമിന്റെ ഇന്ത്യന്‍ വിഭാഗം നടത്തുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കും. ലാഭേച്ഛയില്ലാത്ത സ്ഥാപനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഓക്സ്ഫാം വിദേശ ഫണ്ട് നിയമം ലംഘിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം. വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി നിയമം(എഫ്.സി.ആര്.എ.) നിലവില്‍ വന്നതിനു ശേഷവും ഓക്സ്ഫാം ഇന്ത്യ വിവിധ സ്ഥാപനങ്ങള്‍ക്കു വിദേശപണം കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം കൈമാറ്റങ്ങള്‍ നിയമപ്രകാരം അനുവദനീയമല്ല. മറ്റു സ്ഥാപനങ്ങളിലൂടെയോ കണ്‍സള്‍ട്ടന്‍സി വഴിയോ ഫണ്ട് വഴിതിരിച്ച് എഫ്.സി.ആര്.എയെ മറികടക്കാന്‍ ഓക്സ്ഫാം ഇന്ത്യ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ വര്‍ഷം(2022) ആദായനികുതി വകുപ്പിന്റെ സര്‍വേയില്‍ കണ്ടെത്തിയ ചില ഇമെയിലുകള്‍ സൂചിപ്പിക്കുന്നു. ഓക്സ്ഫാമിന് ഇത്തരം ഇടപാടുള്ള സ്ഥാപനങ്ങളിലൊന്ന് തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ പോളിസി റിസര്ച്ചാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എഫ്.സി.ആര്.എ. ലൈസന്‍സ് മരവിപ്പിച്ച സ്ഥാപനമാണിത്.
സഹോദരസ്ഥാപനങ്ങളും ജീവനക്കാരും മുഖേന സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലേക്ക് ഓക്സ്ഫാം ഇന്ത്യ കമ്മിഷന് രൂപത്തില്‍ പണം അയച്ചതായി മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സമര്‍പ്പിച്ച ടി.ഡി.എസ്. ഡാറ്റയില്‍ ഇക്കാര്യം പ്രതിഫലിക്കുന്നുണ്ടെന്നാണു വിശദീകരണം. പണമിടപാടുകളുള്ള വിദേശ സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ ഉപകരണമായി ഓക്സ്ഫാം ഇന്ത്യ വര്‍ഷങ്ങളായി പ്രവര്ത്തിക്കുകയാണെന്നുംസര്വേ വെളിപ്പെടുത്തുന്നതായി വൂത്തങ്ങള്‍ അറിയിച്ചു. എഫ്.സി.ആര്.എ. അക്കൗണ്ടില്‍ സ്വീകരിക്കുന്നതിനു പകരം ഓക്സ്ഫാം ഇന്ത്യ 1.50 കോടി രൂപയുടെ വിദേശ ഫണ്ട് നേരിട്ടു സ്വീകരിച്ചതായും ആരോപിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം(2022) ജനുവരിയില്‍ എഫ്.സി.ആര്.എ. ലൈസന്‍സ് റദ്ദാക്കിയതിനെത്തുടര്‍ന്ന് പുനപ്പരിശോധന ആവശ്യപ്പെട്ട് ഓക്സ്ഫാം ഇന്ത്യ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. അതേസമയം സര്‍ക്കാരിന്റെ നീക്കത്തെ പ്രതിപക്ഷം ശക്തമായി വിമര്‍ശിച്ചു. ഇന്ത്യയുമായുള്ള ഒരു ഉഭയകക്ഷി യോഗത്തില്‍ യു.കെയും ഈ വിഷയം ഉന്നയിച്ചു.

