വാക്‌സിന്‍ ആഗസ്റ്റ് 15 മുതല്‍ നല്‍കിത്തുടങ്ങരുതെന്നും ആദ്യഘട്ട പരീക്ഷണങ്ങള്‍പോലും ആരംഭിച്ചിട്ടില്ലെന്നുമുള്ള സൗമ്യ സ്വാമിനാഥന്റെ പ്രസ്താവനകള്‍ സംശയകരം

ന്യൂഡല്‍ഹി: ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനെതിരേ അപ്രതീക്ഷിത കോണുകളില്‍നിന്ന് ഉയരുന്ന എതിര്‍പ്പുകള്‍ സംശയകരം. ഐസിഎംആറിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ഓഗസ്റ്റ് 15 മുതല്‍ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങരുതെന്ന ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥന്റെ പ്രസ്താവനയ്‌ക്കെതിരേയാണ് വിമര്‍ശനമുയരുന്നത്. വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ പോലും ആരംഭിച്ചിട്ടില്ലെന്നും വാക്‌സിന്‍ നിര്‍മാണത്തിലെ പങ്കാളിയായി ഭാരത് ബയോടെക്കുമായി താന്‍ ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ അടുത്തകാലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു.

ഓഗസ്റ്റ് 15നു തന്നെ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഐസിഎംആറിന്റെ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അടുത്ത നാളില്‍ വെളിപ്പെടുത്തിയിരുന്നു. ഇത് ലോകമാകെ വന്‍ പ്രതീക്ഷയാണ് ഉണര്‍ത്തിയത്. അമേരിക്കയും റഷ്യയും ചൈനയുമുള്‍പ്പെടെ വന്‍ശക്തി രാജ്യങ്ങളെല്ലാം കൊവിഡ് വാക്‌സിന്റെ പണിപ്പുരയിലാണ്. അവര്‍ക്കുമുമ്പേയോ അവര്‍ക്കൊപ്പമോ ഇന്ത്യയും കൊവിഡ് വാക്‌സിന്റെ നിര്‍മാണത്തില്‍ വിജയത്തിന്റെ തൊട്ടടുത്ത സ്റ്റേജില്‍ എത്തിനില്‍ക്കുകയാണ്.

ചൈനയിലെ വൂഹാനില്‍ കൊവിഡ് മഹാമാരി വ്യാപകമായ സമയത്ത് സൗമ്യ സ്വാമിനാഥന്റെ നേതൃത്വത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിസംഘം അവിടെയെത്തി വിശദാംശങ്ങള്‍ ആരായുകയും കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുകയില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് കൊവിഡിനെ മഹാമാരിയായി മുന്‍കൂട്ടിക്കാണാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാലേകൂട്ടി നടപ്പാക്കാനും കഴിയാതെ പോയത്. ലോകത്ത് എവിടെ പുതിയതോ പഴയതോ ആയ രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടാലും അതിന്റെ വിശദവിവരങ്ങള്‍ അപ്പപ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് കൈമാറേണ്ട സംഘടനയാണ് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ).

ലോകാരോഗ്യ സംഘടന ചൈനയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് ട്രംപ് പലവട്ടം കുറ്റപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലോകാരോഗ്യ സംഘടനയ്ക്കുള്ള തങ്ങളുടെ വിഹിതവും അമേരിക്ക നിര്‍ത്തലാക്കി. അമേരിക്ക, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാക്‌സിന്‍ നിര്‍മാണ സാങ്കേതിക വിദ്യയില്‍ ഏറെ മുന്നേറിയെങ്കിലും അതൊന്നും കാണാത്ത മട്ടിലാണ് ലോകാരോഗ്യ സംഘടനയും സൗമ്യ സ്വാമിനാഥനും. കൂടാതെ ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മാണ- ഗവേഷണ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാനും ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്. ഐസിഎംആറിന്റെ ഡയറക്ടറായി ബല്‍റാം ഭാര്‍ഗവ വരുന്നതിനുമുമ്പ് ആ സ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സൗമ്യ സ്വാമിനാഥന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →