പാലക്കാട്: നാഗ്പൂരില്‍ നിന്ന് രേഖകളില്ലാതെ അരിലോറിയില്‍ കൊണ്ടുവന്ന 1,57,50,000 രൂപ നിലമ്പൂരില്‍ ഹൈവേ പൊലീസ് പിടികൂടി. ഞായറാഴ്ച പുലര്‍ച്ച ഒന്നരയോടെ നിലമ്പൂര്‍ വടപുറം പാലത്തിന് സമീപം കെഎന്‍ജി റോഡില്‍വച്ചാണ് പിടികൂടിയത്. നാഗ്പൂരില്‍നിന്ന് അരിയുമായി കോഴിക്കോട്ടേക്ക് വരുകയായിരുന്ന ലോറിയിലാണ് പണം കൊണ്ടുവന്നത്. മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച പണം മറ്റൊരു ലോറിയിലേക്ക് മാറ്റുന്നതിനിടെ സംശയം തോന്നി പൊലീസ് സംഘം പരിശോധിക്കുകയായിരുന്നു. ലോറികള്‍ എടപ്പാള്‍ സ്വദേശിയുടേതാണ്. എടപ്പാള്‍, ചങ്ങരംകുളം സ്വദേശികളായ നാലുപേരായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നിത്.
നാഗ്പൂരില്‍ അടയ്ക്ക വിറ്റുകിട്ടിയ പണമാണ് ലോറികളില്‍ ഉണ്ടായിരുന്നതെന്ന് ഇവര്‍ പറയുന്നു. ലോക്ഡൗണ്‍ കാരണം സമയത്ത് എത്താന്‍ കഴിഞ്ഞില്ലെന്നും ഇതുമൂലമാണ് അരിലോറിയില്‍ കൊണ്ടുവന്നതെന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍, മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. പണവും ലോറികളും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

