അരിക്കൊമ്പനെ മാറ്റിയാൽ പ്രശ്നം തീരുമോ എന്ന് ഹൈകോടതി

കൊച്ചി:  ആനകളെ പിടികൂടുന്നതിന് മാർഗരേഖ വേണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടൻ മയക്കുവെടി വെച്ച് പിടിക്കുന്നതിനോട് ഹൈക്കോടതി യോജിച്ചില്ല. അഞ്ചംഗ വിദ്ഗധ സമിതിയെ വെച്ച് തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. എന്നാൽ അരിക്കൊമ്പനെ ഉടൻ പിടികൂണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.

 അരിക്കൊമ്പനെ മാറ്റിയാൽ പ്രശ്നം തീരുമോ എന്നായിരുന്നു കേസ് പരിഗണിച്ച കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരുമെന്ന് പറഞ്ഞ കോടതി, ശാശ്വത പരിഹാരമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും നിർദ്ദേശിച്ചു. ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സ്വീകരിച്ചുവെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ശാശ്വത പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യമെന്നും പിടികൂടിയിട്ട് പിന്നെയെന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സർക്കാർ മറുപടി നൽകിയപ്പോൾ സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. 

കാട്ടാനയെ അവിടെനിന്ന് മാറ്റിയാൽ പ്രശ്നം തീരുമോ എന്ന് ചോദിച്ച കോടതി, ഈ പ്രത്യേക സാഹചര്യത്തിൽ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതാണ് നല്ലതെന്നും നിരീക്ഷിച്ചു. ആനയെ അതിന്റെ ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റുന്നതിനേക്കാൾ നല്ലത് ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതല്ലേ എന്നും കോടതി ചോദിച്ചു. എന്നാൽ, ആളുകളെ മാറ്റി തുടങ്ങിയാൽ മൊത്തം പഞ്ചായത്ത് തന്നെ മാറ്റേണ്ടി വരും എന്ന് കക്ഷി ചേർന്ന അഭിഭാഷകരിൽ ചിലർ ചൂണ്ടിക്കാട്ടി. 2003 ന് ശേഷം നിരവധി കോളനികൾ ഈ മേഖലയിൽ ഉണ്ടായിട്ടില്ലേയെന്നായിരുന്നു അതിന് കോടതിയുടെ മറു ചോദ്യം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →