ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലുണ്ടായ മിന്നലിൽ 350 ആടുകൾ ചത്തു. 25/03/23 ശനിയാഴ്ച ഉത്തർകാശിയിലെ ഡുൻഡ ബ്ലോക്കിൽ രാത്രി പത്തരയോടെയാണ് മിന്നൽ ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഭൂമി ഇടിഞ്ഞുതാഴുന്നത് ഉൾപ്പെടെയുള്ള പ്രതിഭാസം നേരിടുന്ന ഉത്തരാഖണ്ഡിലാണ് മിന്നലേറ്റ് ഇത്രയധികം ആടുകൾ ചാകുന്നതും.
ഡുൻഡയിലെ ഖട്ടുഖാൽ ഗ്രാമത്തിനടുത്തുള്ള മതാനൗ ടോക്കിലെ വനത്തിലാണ് മിന്നലേറ്റത്. ബർസു മേഖലയിലെ ആട്ടിടയൻമാർ അവരുടെ ആടുകളുമായി മലയോര പ്രദേശത്തേക്ക് വരാറുള്ളതാണ്. 25/03/23 ശനിയാഴ്ച വന്ന സംഘത്തിൽ ആകെ 1200 ആടുകളാണ് ഉണ്ടായിരുന്നത്. ഇവർക്കൊപ്പം ആട്ടിടയന്മാരായ റാം ഭഗത് സിങ്, പ്രതാം സിങ്, സഞ്ജീവ് റാവത് എന്നിവരും ഉണ്ടായിരുന്നു.
സഞ്ജീവിനാണ് ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായത്. 188 ആടുകളാണ് ചത്തത്. കന്നുകാലികൾക്ക് ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിലും ഇടിമിന്നൽ പോലുള്ള സംഭവങ്ങളിൽ സർക്കാർ മാനുഷിക പരിഗണന നൽകി സഹായം ചെയ്യാറുണ്ട്. ഇത്തവണയും അതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഡുൻഡ ഗ്രാമത്തിന്റെ പ്രധാൻ സുനിത നേഗി ദേശീയമാധ്യമത്തോടു പറഞ്ഞു.
മലയോര പ്രദേശത്തു പെയ്യുന്ന മഴ കർഷകരുടെ ഫലവർഗ കൃഷിയെ ബാധിച്ചിരുന്നു. മാർച്ച് 30 വരെ ഉത്തരാഖണ്ഡിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.