സണ്‍ ഗ്ലാസും ഡെനിം ജാക്കറ്റും മാസ്‌കും: അമൃത്പാല്‍ ഡല്‍ഹിയില്‍;സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: പോലീസിനെ കബളിപ്പിച്ച് മുങ്ങി നടക്കുന്ന ഖലിസ്ഥാന്‍ വാദിയും ”വാരിസ് പഞ്ചാബ് ദേ” തലവനുമായ അമൃത്പാല്‍ സിങ്ങ് വേഷംമാറി ഡല്‍ഹിയിലെ തെരുവിലൂടെ നടക്കുന്ന സി.സി. ടിവി ദൃശ്യം പുറത്ത്. കഴിഞ്ഞ 21-ാം തീയതിയിലെ സി.സി. ടിവി ദൃശ്യമാണ് പുറത്തുവന്നത്. പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ അമൃത്പാല്‍ സിങ് തലപ്പാവ് ഒഴിവാക്കിയതായി ദൃശ്യത്തില്‍ വ്യക്തമാണ്. സണ്‍ ഗ്ലാസും ഡെനിം ജാക്കറ്റും മാസ്‌കും ധരിച്ച് അടുത്ത അനുയായി പപല്‍പ്രീത് സിങ്ങിനൊപ്പം അമൃത്പാല്‍ നടന്നുപോകുന്നതാണ് സി.സി. ടിവി ക്യാമറയില്‍ പതിഞ്ഞത്. ഹരിയാനയിലെ കുരുക്ഷേത്രയില്‍നിന്നാണ് ഇരുവരും ഡല്‍ഹിയിലേക്കു കടന്നതെന്നാണു സൂചന.

അതേസമയം, അമൃത്പാല്‍ സിങ് നേപ്പാളിലേക്കു കടന്നതായി അഭ്യൂഹങ്ങളുണ്ടെങ്കിലും അക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അമൃത്പാല്‍ സിങ് നേപ്പാളിലുണ്ടെങ്കില്‍ അവിടെനിന്നു രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് നേപ്പാള്‍ സര്‍ക്കാരിനോട് ഇന്ത്യ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ടോ മറ്റേതെങ്കിലും വ്യാജ പാസ്പോര്‍ട്ടോ ഉപയോഗിച്ചോ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ അഭ്യര്‍ഥിച്ചു. ഇതിനു പിന്നാലെ, അമൃത്പാല്‍ സിങ്ങിനെ നേപ്പാള്‍ നിരീക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സിങ് നേപ്പാളില്‍നിന്നു കടക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്ന് കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി ശനിയാഴ്ച കോണ്‍സുലര്‍ സേവന വകുപ്പിന് അയച്ച കത്തിലൂടെയാണ് ആവശ്യപ്പെട്ടത്. മാര്‍ച്ച് 18 ന് പോലീസ് തെരച്ചില്‍ തുടങ്ങിയതു മുതല്‍ അമൃത്പാല്‍ സിങ് ഒളിവിലാണ്.
അതിനിടെ, അമൃത്പാലിന്റെ അഭിഭാഷകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പഞ്ചാബ് ഹരിയാന ഹൈക്കോടതി പരിഗണിച്ചു. ഈ ഘട്ടത്തില്‍ അമൃത്പാലിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിന് തൊട്ടടുത്താണ് പോലീസെന്നും ആഭ്യന്തരവകുപ്പ് കോടതിയെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →