ദുബൈ: ദുബൈയിൽ റസ്റ്റോറന്റ് അടിച്ചു തകർത്ത സംഭവത്തിൽ അറസ്റ്റിലായ എട്ട് പ്രവാസികൾക്ക് ദുബൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. റസ്റ്റോറന്റിന് 26,000 ദിർഹത്തിന്റെ നഷ്ടമാണ് ഇവർ വരുത്തിവെച്ചതെന്ന് കേസ് രേഖകൾ പറയുന്നു. ശിക്ഷ അനുഭവിച്ച ശേഷം പ്രതികൾ എല്ലാവരെയും യുഎഇയിൽ നിന്ന് നാടുകടത്തും. പ്രതികൾ ഒരു ഏഷ്യൻ രാജ്യത്തു നിന്നുള്ളവരാണെന്ന വിവരം മാത്രമാണ് അധികൃതർ പുറത്തുവിട്ടിട്ടുള്ളത്.
റസ്റ്റോറന്റ് ഉടമയാണ് സംഭവത്തിൽ പരാതി നൽകിയത്. പ്രതികളിൽ ഒരാൾ തന്റെ സ്ഥാപനത്തിൽ കയറി ഒരു സോഫ്റ്റ് ഡ്രിങ്ക് ബോട്ടിൽ എടുത്ത് കുടിച്ചു. തുടർന്ന് പണം നൽകാതെ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ജീവനക്കാരിൽ ഒരാൾ തടഞ്ഞു. ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടാവുകയും അത് കൈയാങ്കളിയിലെത്തുകയും ചെയ്തു. ഇതിനൊടുവിൽ താൻ തിരിച്ചുവരുമെന്നും അപ്പോൾ കാണിച്ച് തരാമെന്നും ഭീഷണി മുഴക്കി ഇയാൾ സ്ഥലം വിട്ടു.
അൽപം കഴിഞ്ഞ് മറ്റ് ഏഴ് പേരെയും കൊണ്ട് ഇയാൾ തിരിച്ചുവന്നു. അവരുടെ കൈവശം വടികളും ഇഷ്ടികകളുമുണ്ടായിരുന്നു. റസ്റ്റോറന്റിലെ ഗ്ലാസ് കൊണ്ട് നിർമിച്ച വാതിൽ അടിച്ചുതകർത്തു. മറ്റ് ചില സാധനങ്ങളും നശിപ്പിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെട്ടു. 26,000 ദിർഹത്തിന്റെ നഷ്ടം പ്രതികൾ ഉണ്ടാക്കിയെന്ന് രേഖകൾ പറയുന്നു.
പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ എട്ട് പേരും അറസ്റ്റിലായി. കേസ് കഴിഞ്ഞ ദിവസം പരിഗണിച്ച ദുബൈ ക്രിമിനൽ കോടതി, എല്ലാ പ്രതികൾക്കും മൂന്ന് മാസത്തെ ജയിൽ ശിക്ഷയും അത് പൂർത്തിയായ ശേഷം നാടുകടത്താനും ഉത്തരവിട്ടു.

