കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ മന്ത്രിയുടെ ഉറപ്പ് പാഴായി; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിക്കുമെന്ന് ഹർഷിനയും കുടുംബവും

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ് നൽകിയ ഉറപ്പ് പാഴായെന്നും നീതി തേടി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങുമെന്നും വ്യക്തമാക്കി ഹർഷിന. രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നൽകുമെന്നായിരുന്നു നേരത്തെ മന്ത്രി നൽകിയ ഉറപ്പ്. ഈ ഉറപ്പ് പാലിക്കപ്പെടാതെ വന്നതോടെയാണ് ഹർഷിന വീണ്ടും സമരം തുടങ്ങുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ നീതി തേടി സമരമിരുന്ന ഹർഷിനയെ പിന്തിരിപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജാണ് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരമെന്ന ഉറപ്പ് നൽകിയത്. കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സമരം അവസാനിപ്പിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും യാതൊരു അനക്കവുമുണ്ടായില്ല.

ഇതിനിടെ മന്ത്രിയെ ഫോണിൽ വിളിച്ചപ്പോൾ ഉടൻ ശരിയാകുമെന്ന അറിയിപ്പാണ് ഓഫീസിൽ നിന്നും ലഭിച്ചത്. എന്നാൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും തീരുമാനം ഉണ്ടാകാതായതോടെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിക്കാനാണ് ഹർഷിനയുടെയും കുടുംബത്തിന്റെയും തീരുമാനം. അതേസമയം സംഭവത്തിൽ നിയമനടപടികൾക്കും ഹർഷിന നീക്കമാരംഭിച്ചിട്ടുണ്ട്. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടാകും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →