തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ കൂടി. 2023 മാർച്ച് 22ന് 210 പേർക്ക് കൂടെ രോഗം സ്ഥിരീകരിച്ചു. കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. 50 പേർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. 36 പേർക്ക് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിൽ കൊവിഡ് ഉയരുകയാണ്.
2023 മാർച്ച് മാസം ഏഴാം തീയതി 79 രോഗികളാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ഉണ്ടായിരുന്നത്. ഒരാഴ്ച മുമ്പ്, മാർച്ച് 14ന് 100 രോഗികളായി കണക്ക് ഉയർന്നു. 22ന് ഇത് 172 ആയി. കൊവിഡ് രോഗികളുടെ എണ്ണം പൊടുന്നനെ ഉയരുകയാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജില്ലകളിൽ നിരീക്ഷണം ശക്തിപ്പെടുത്താൻ ആരോഗ്യ മന്ത്രി വിളിച്ച അവലോകനയോഗം നിർദ്ദേശം നൽകി. ആശുപത്രി സജ്ജീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയ്യാറാക്കണം. ഐസിയു, വെന്റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ കൂടുതലായി മാറ്റിവയ്ക്കണം. പുതിയ വകഭേദമുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകൾ വർധിപ്പിക്കും. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാൻ കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകി. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗർഭിണികളും പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണം. ആശുപത്രികളിൽ എത്തുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണം. കൊവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തൽ.

