ബഹ്റൈനിൽ പരസ്‍പരം ഏറ്റുമുട്ടിയ പ്രവാസികൾ അറസ്റ്റിൽ

മനാമ: മദ്യലഹരിയിൽ താമസസ്ഥലത്തു വെച്ച് പരസ്‍പരം ഏറ്റുമുട്ടിയ പ്രവാസികൾ അറസ്റ്റിൽ. അറസ്റ്റിലായ പ്രവാസികളെ ബഹ്റൈൻ ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാക്കി. വെൽഡറായി ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനും സ്‍കഫോൾഡിങ് ജോലികൾ ചെയ്യുന്ന നേപ്പാൾ പൗരനുമാണ് പ്രതികൾ. മുറിയിൽ സ്വന്തം കട്ടിലിൽ നിന്ന് മാറി കിടന്നതിനെച്ചൊല്ലിയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പ്രതിയായ ഇന്ത്യക്കാരൻ കട്ടിലിന്റെ ഇരുമ്പ് ഗോവണി ഇളക്കിയെടുത്ത് നേപ്പാൾ സ്വദേശിയെ മർദിച്ച് അയാളുടെ കാൽ ഒടിച്ചുവെന്നാണ് പ്രധാന ആരോപണം. ഇയാളുടെ കാലിന് ഏഴ് ശതമാനം സ്ഥിര വൈകല്യം ഇതിലൂടെ സംഭവിച്ചതായി മെഡിക്കൽ റിപ്പോർട്ട് പറയുന്നു. നേപ്പാൾ പൗരൻ തിരിച്ചടിച്ചെങ്കിലും പരിക്കുകളൊന്നും ഏൽപ്പിച്ചിട്ടില്ല.

താമസ സ്ഥലത്ത് സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് മദ്യപിച്ചെന്നും തുടർന്ന് താൻ സുഹൃത്തിന്റെ ബെഡിൽ കിടന്നുവെന്നും നേപ്പാൾ സ്വദേശിയുടെ മൊഴിയിൽ പറയുന്നു. എന്നാൽ എല്ലാവരും അവരവരുടെ കട്ടിലിൽ കിടന്നാൽ മതിയെന്ന് പറഞ്ഞ് സുഹൃത്ത് തന്നെ ആക്രമിച്ചെന്നും തന്റെ അമ്മയെ അപമാനിക്കുന്ന തരത്തിലുള്ള അസഭ്യം പറഞ്ഞുവെന്നും ഇയാൾ പറഞ്ഞു. തുടർന്ന് കട്ടിലിന്റെ ലോഹ ഗോവണി ഇളക്കിയെടുത്ത് തന്റെ തലയ്ക്കും കാലിനുമെല്ലാം അടിച്ചുവെന്നും താൻ ബോധരഹിതനായെന്നും ഇയാൾ ആരോപിച്ചു.

രണ്ട് പ്രതികൾക്കും ഒപ്പം താമസിച്ചിരുന്ന പാകിസ്ഥാൻ പൗരനാണ് കേസിലെ പ്രധാന സാക്ഷി. അടിപിടി അതിന്റെ പരിധി വിട്ടപ്പോൾ താനാണ് ബിൽഡിങിലെ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചതെന്നും ഇയാൾ പറഞ്ഞു. നേപ്പാൾ പൗരൻ ഇന്ത്യക്കാരനെ മർദിക്കുന്നത് താൻ കണ്ടുവെന്നും ഇതിന് പകരമായാണ് അയാൾ ഗോവണി ഇളക്കിയെടുത്ത് കാലിലും തല്ക്കും അടിച്ചതെന്നും ഇയാളുടെ മൊഴിയിൽ പറയുന്നു. 
ആംബുലൻസ് എത്തിയാണ് നേപ്പാൾ പൗരനെ ആശുപത്രിയിൽ എത്തിച്ചത്. ഇയാളെ പിന്നീട് ശസ്ത്രക്രിയക്ക് വിധേയമാക്കുകകയും ചെയ്‍തു. പ്രാഥമിക വാദം കേട്ട ശേഷം കോടതി കേസ് 2023 മാർച്ച് 26 ഞായറാഴ്ചത്തേക്ക് മാറ്റിവെച്ചു

Share
അഭിപ്രായം എഴുതാം