ത്രിപുരയില്‍ അക്രമം നടന്ന പ്രദേശങ്ങളില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം സന്ദര്‍ശനം

ന്യൂഡല്‍ഹി: ത്രിപുരയില്‍ അക്രമം നടന്ന പ്രദേശങ്ങളില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും. സിപിഐഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ രാജ്യ സഭാ ലോക് സഭാ അംഗങ്ങളാണ് ത്രിപുര സന്ദര്‍ശിക്കുന്നത്. സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപിയുടെ നേതൃത്വത്തില്‍ ഏഴംഗ പ്രതിനിധി സംഘമാണ് നാളെ ത്രിപുരയില്‍ എത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ അതി രൂക്ഷമായ അക്രമണമാണ് ത്രിപുരയില്‍ അരങ്ങേറുന്നത്. നിരവധിയായ വീടുകളും ഓഫീസുകളും ആക്രമിക്കപ്പെട്ടു. ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വിഖാതമാകുന്ന ഇത്തരം അക്രമങ്ങള്‍ ഭരണ കക്ഷിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത് അത്യന്തം ഗുരുതരമായ പ്രശനമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ എംപിമാരുടെ സംഘം ത്രിപുര സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. സന്ദര്‍ശനത്തെ തുടര്‍ന്ന് ത്രിപുര ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ത്രിപുരയില്‍ നടക്കുന്ന ജനാധിപത്യ ധ്വംസനത്തെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഗര്‍വര്‍ണര്‍ക്കും കേന്ദ്ര സര്‍ക്കാരിനും സമര്‍പ്പിക്കുമെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും എംപിമാര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →