കാറിനുള്ളില്‍ സൂക്ഷിച്ച 51.5 ഗ്രാം എം.ഡി.എം.എ. പിടികൂടി

നിലമ്പൂര്‍: കാറിനുള്ളില്‍ സൂക്ഷിച്ച 51.580 ഗ്രാം എം.ഡി.എം.എ. നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ വിഭാഗം പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും മലപ്പുറം ഐബിയും നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കെ.എല്‍. 84-8609 നമ്പര്‍ മാരുതി സുസുക്കി സ്വിഫ്റ്റ് കാറില്‍ ഒളിപ്പിച്ച 51.580 ഗ്രാം എം.ഡി.എം.എയാണ് നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. രതീഷും സംഘവും ചേര്‍ന്നു പിടിച്ചെടുത്തത്.

എം.ഡി.എം.എ. കടത്തിക്കൊണ്ടുവരികയായിരുന്ന പ്രതികള്‍ ഗൂഢല്ലൂരില്‍ ജുമാ മസ്ജിദിന്റെ പാര്‍ക്കിങ് ഏരിയായില്‍ വാഹനംപാര്‍ക്ക് ചെയ്ത് ഭക്ഷണം കഴിക്കുവാന്‍ പോയ സമയത്ത് പ്രാര്‍ഥന കഴിഞ്ഞുവന്ന വിശ്വാസികള്‍ക്ക് വാഹനം എടുക്കാന്‍ തടസം നേരിട്ടതിനെത്തുടര്‍ന്നു നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ വാഹനം നിര്‍ത്തിയിട്ടവര്‍ എത്തി നാട്ടുകാരെയും പോലീസുകാരെയും കണ്ട് പരിഭ്രമിച്ച് വാഹനത്തിന്റെ താക്കോല്‍ തൊട്ടടുത്തുള്ള ലോഡ്ജിന്റെ ഉടമയെ ഏല്‍പ്പിച്ചു കടന്നുകളഞ്ഞു. തുടര്‍ന്ന് ഗൂഢല്ലൂര്‍ പോലീസ് സ്‌റ്റേഷനിലേക്കു മാറ്റിയ വാഹനം പോലീസ് വിളിച്ചറിയിച്ചതിനെ തുടര്‍ന്നു ഉടമയും കൂട്ടുകാരും പോലീസ് സ്‌റ്റേഷനിലെത്തി കൈപ്പറ്റി മടങ്ങി വരവേ വാഹനം കൊണ്ടുപോയവര്‍ വാഹന ഉടമയെ നിരന്തരം ഫോണില്‍ വിളിച്ച് വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. സംശയം തോന്നിയ വാഹന ഉടമ എക്‌സൈസില്‍ വിവരമറിയിക്കുകയും വഴിക്കടവ് ചെക്ക് പോസ്റ്റില്‍എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധനയ്ക്കായി വാഹനം വിട്ടുനല്‍കുകയും ചെയ്തു.

പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്നു നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ വാഹനം എത്തിച്ച് മെക്കാനിക്കിന്റെ സഹായത്തോടെ വിശദമായ പരിശോധിച്ചപ്പോഴാണ് ഡാഷ് ബോര്‍ഡിനുള്ളില്‍ മ്യൂസിക് സിസ്റ്റത്തിനു പിറകില്‍ പാക്കറ്റിലായി ഒട്ടിച്ചുവച്ച നിലയില്‍ 51.580 ഗ്രാം എം.ഡി.എം.എ. കാണപ്പെട്ടത്. വാഹനം കൊണ്ടുപോയവരെക്കുറിച്ചും ഗുഢല്ലൂരില്‍ ഉപേക്ഷിച്ചു കടന്നവരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടനെ പിടികൂടുമെന്നും എക്‌സൈസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →