കൊച്ചി : ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യവുമായെത്തിയ ലോറികൾനാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചു. സംസ്‌കരണം നടക്കാത്തപ്പോൾ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാവുമെന്ന് ചൂണ്ടിക്കാണിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. വ്യാഴാഴ്ച മുതൽ ശേഖരിച്ച മാലിന്യം ലോറികളിൽ തന്നെ കെട്ടിക്കിടക്കുകയാണ്. ഇവ അഴുകുന്നത് ഒഴിവാക്കാനാണ് ഏതാനും ലോറികൾ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് കടത്തിവിടാൻ തീരുമാനിച്ചത്. നിലവിൽ ജൈവ- അജൈവ മാലിന്യങ്ങളുടെ ശേഖരണം നഗരത്തിൽ നടക്കുന്നില്ല. ഇതിനിടയിലും മാലിന്യം കൊണ്ടുവന്ന് പ്ലാന്റിൽ നിക്ഷേപിച്ചാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ലോറികൾ തടഞ്ഞതിന് പിന്നാലെ കോർപ്പറേഷൻ അധികൃതർ സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ, തീ പൂർണ്ണമായും അണക്കാതെ കൂടുതൽ മാലിന്യം കടത്തിവിടില്ലെന്ന് ഉറപ്പ് നൽകി. ഉറപ്പിനെത്തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.
അഞ്ചുദിവസമായി കൊച്ചി നഗരത്തിൽ മാലിന്യശേഖരണം നടക്കുന്നില്ല. ഇതിൽ നഗരവാസികൾക്ക് ആശങ്കയുണ്ട്. വഴിയരികിലേക്ക് മാലിന്യം വലിച്ചെറിയുന്ന സാഹചര്യമുണ്ടാവുമെന്നാണ് പ്രധാന ആശങ്ക. ചിലയിടങ്ങളിൽ ശുചീകരണത്തൊഴിലാളികൾ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും ഇവ ഉന്തുവണ്ടികളിലും മറ്റുംകെട്ടിക്കിടക്കുകയാണ്. അതേസമയം, മാലിന്യം കത്തിയ പുക ജില്ലയുടെ അതിർത്തി കടന്ന് ആലപ്പുഴ, കോട്ടയം ജില്ലകളിലേക്കും വ്യാപിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ജില്ലാ ഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എൻ.ജി.ഒകൾ ഉൾപ്പെടെയുള്ള സംഘടനകൾ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.