നിലമ്പൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിയായ ഒമ്പതാം ക്ലാസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. നിലമ്പൂര്‍ പാലപറമ്പ് സ്വദേശി നമ്പിയത്ത് രാധാകൃഷ്ണന്‍(60) എന്നയാളെയാണ് എറണാകുളം വടക്കന്‍ പറവൂരില്‍ നിലമ്പൂര്‍ പോലീസും ഡാന്‍സാഫും ചേര്‍ന്നു പിടികൂടിയത്. ഈ മാസം ആറിനാണു കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ പരിചയം നടിച്ച് സമീപിച്ച പ്രതി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പ്രദേശവാസി കാര്യമന്വേഷിച്ച് സ്ഥലത്തേക്കു വന്നതതിനാല്‍ പ്രതി ശ്രമം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിന്നീട് വിവരമറിഞ്ഞ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത് ഒളിവില്‍ പോയ പ്രതി ഊട്ടി, കൊയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍പാര്‍ത്തുവരികയായിരുന്നു. ഇന്നലെ പ്രതി വടക്കന്‍ പറവൂരിലുള്ള ബന്ധുവീട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതില്‍ പോലീസ് അവിടെയെത്തി കസ്റ്റഡിയില്‍ എടുത്തു. എസ്.എച്ച്.ഒ.: പി. വിഷ്ണു, ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, ശാലിനി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.