ലണ്ടന്‍: സ്പാനിഷ് വമ്പന്‍ ബാഴ്സലോണയെ മറികടന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ഫുട്ബോള്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ ബാഴ്സയെ യുണൈറ്റഡ് 2-1 നു തോല്‍പ്പിച്ചു. 4-3 ന്റെ അഗ്രഗേറ്റ് ഗോളിലാണു യുണൈറ്റഡിന്റെ മുന്നേറ്റം. ബാഴ്സലോണയില്‍ നടന്ന ഒന്നാംപാദം 2-2 ന് അവസാനിച്ചിരുന്നു. ഇന്നലെ മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ തന്നെ യുണൈറ്റഡിന് ഒരു സുവര്‍ണ്ണാവസരം ലഭിച്ചിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസിന് അവസരം മുതലെടുക്കാനായില്ല. 18-ാം മിനിറ്റില്‍ ബാഴ്സ മുന്നിലെത്തി.
യുണൈറ്റഡ് ബോക്സില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ബാള്‍ദെയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി റോബര്‍ട്ടോ ലെവന്‍ഡോസ്കി ലക്ഷ്യത്തിലെത്തിച്ചു. ഒന്നാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്നു നല്ല അവസരങ്ങള്‍ വന്നില്ല. ഗോള്‍ വീണ ഞെട്ടലില്‍ യുണൈറ്റഡ് താരങ്ങള്‍ പരുങ്ങി. ബാഴ്സ മധ്യനിരയില്‍ കളി നിയന്ത്രിക്കുന്നതാണു കണ്ടത്. ഒന്നാം പകുതിയുടെ അവസാനം ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ ഒരു പിഴവില്‍നിന്നു ബാഴ്സയ്ക്ക് രണ്ടാം ഗോളടിക്കാനുള്ള അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ യുണൈറ്റഡ് വെഗോസ്റ്റിനെ മാറ്റി ആന്റണിയെ കളത്തിലെത്തിച്ചു. പിന്നാലെ സമനില ഗോളുമെത്തി. 46-ാം മിനിറ്റില്‍ ബ്രൂണോയുടെ പാസ് സ്വീകരിച്ച ഫ്രെഡാണു ഗോളടിച്ചത്. അതോടെ ഇരുടീമുകളും ഉരിശന്‍ ആക്രമണ, പ്രത്യാക്രമണങ്ങള്‍ തുടങ്ങി. 64-ാം മിനിറ്റില്‍ കൗണ്ടെയുടെ ഉറപ്പായ ഹെഡര്‍ ഡി ഗിയ തടുത്തു. യുണൈറ്റഡ് ഡാലോട്ടിനെയും ഗര്‍നാചോയെയും കളത്തിലിറക്കിയതോടെ ആക്രമണത്തിനു വേഗം കൂടി. 72-ാം മിനിറ്റില്‍ ആന്റണിയിലൂടെ യുണൈറ്റഡ് ലീഡ് എടുത്തു. ഗര്‍നാചോയുടെയും ഫ്രെഡിന്റെയും ഷോട്ടുകള്‍ ബാഴ്സ ഡിഫന്‍സ് ബ്ലോക്ക് ചെയ്തു.
പിന്നാലെ വന്ന ആന്റണിയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ മാര്‍ക് ആന്‍ഡര്‍ ടെര് സ്റ്റീഗനെ കീഴ്പ്പെടുത്തി. പിന്നിലായതോടെ ബാഴ്സ അന്‍സു ഫാതിയെ കളത്തിലിറക്കി. മത്സരത്തിനിടെ കൈയാങ്കളിയുമുണ്ടായി. യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പ്രവൃത്തിയാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. ആരോണ്‍ വാന്‍ ബിസാക്കയുടെ ഫൗളില്‍ ബാഴ്സ താരം ഫ്രെങ്കി ഡിയോങ് നിലത്തു വീണു. പന്ത് നേരേ പോയത് അടുത്തുണ്ടായിരുന്ന ബ്രൂണോ ഫെര്‍ണാണ്ടസിന്റെ കാലിലേക്ക്. പന്ത് പാസ് ചെയ്യുന്നതിനോ ക്ലിയര്‍ ചെയ്യുന്നതിനോ പകരം ബ്രൂണോ അത് ഡിയോങ്ങിന്റെ ദേഹത്തേക്ക് ആഞ്ഞടിക്കുകയായിരുന്നു. പന്തുകൊണ്ട ഡിയോങ് മൈതാനത്ത് വേദനകൊണ്ട് പുളഞ്ഞു. അതോടെ ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം ഉരസി. താരങ്ങള്‍ തമ്മില്‍ കുറച്ച് സമയം ഉന്തും തള്ളുമുണ്ടായി. സംഭവത്തില്‍ ബ്രൂണോയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്കി. അല്പനേരം നീണ്ടുനിന്ന വാഗ്വാദം അവസാനിച്ച ശേഷമാണ് കളി പുനരാരംഭിച്ചത്. റെന്നീസിനെ 5-4 നു മറികടന്ന് ഷാക്തര്‍ ഡോണറ്റ്സ്കും സാല്‍സ്ബര്‍ഗിനെ 2-1 നു മറികടന്ന് എ.എസ്. റോമയും അയാക്സിനെ 3-1 നു മറികടന്ന് യൂണിയന് ബെര്‍ലിനും ക്വാര്‍ട്ടറിലേക്കു മുന്നേറി.

