യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ വാഹനം തടഞ്ഞ് പിടികൂടി പോലീസ്

ആലപ്പുഴ: പണമിടപാട് തര്‍ക്കത്തെത്തുടര്‍ന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച മൂവര്‍ സംഘത്തെ പോലീസ് വാഹനം തടഞ്ഞ് പിടികൂടി. യുവാവിനെ മോചിപ്പിച്ചു. ആലപ്പുഴ തത്തംപള്ളി കൊച്ചുപറമ്പില്‍ വീട്ടില്‍ അജീഷിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മാവേലിക്കര അറുന്നൂറ്റിമംഗലം വെട്ടിയാര്‍ സ്വദേശി ബിജു, കുറത്തികാട് കാതേലില്‍ ബിനു, കുറത്തികാട് കണ്ടത്തില്‍ വടക്കേതില്‍ സുഭാഷ് എന്നിവരാണ് അറസ്റ്റിലായത്.

വാങ്ങിയ പണത്തില്‍ 45,000 രൂപ തിരികെ നല്‍കാനുണ്ടെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകല്‍. വിവരമറിഞ്ഞ് നോര്‍ത്ത് പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് അജീഷിന്റെ വീട്ടുകാര്‍ പോലും സംഭവം അറിഞ്ഞത്.
വെള്ള മാരുതി ബലെനോ കാറില്‍ എടത്വാ ഭാഗത്തേക്കാണ് അജീഷിനെ തട്ടിക്കൊണ്ടുപോയതെന്നു വിവരം ലഭിച്ചതോടെ ഇക്കാര്യം എടത്വാ സി.ഐയെ അറിയിച്ചു. പരിശോധനയ്ക്കിടെ പോലീസ് ഈ വാഹനം കണ്ടെത്തി കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി.

കൊപ്പാറ ബിജു എന്നറിയപ്പെടുന്ന ആളാണു തട്ടിക്കൊണ്ടുപോയതെന്നു സൂചന ലഭിച്ചതോടെ അറുനൂറ്റിമംഗലത്തുള്ള പ്രതിയുടെ വീടും പരിസരവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയേയോ വാഹനമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് മാവേലിക്കര ജില്ലാ ആശുപത്രിക്കു സമീപം ഒരു ഇടറോഡില്‍ വാഹനം കണ്ടെത്തി. പോലീസിനെ കണ്ടപ്പോള്‍ പ്രതികള്‍ വാഹനം ഓടിച്ച് കടന്നു കളയാന്‍ ശ്രമിച്ചെങ്കിലും പോലീസ് വാഹനം കുറുകെയിട്ടു. ഇതോടെ ഇറങ്ങിയോടിയ പ്രതികളെ പോലീസ് ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.

ഇവര്‍ തട്ടിക്കൊണ്ടുപോയ അജീഷിനെ മര്‍ദനമേറ്റ് ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടിയിലായ കൊപ്പാറ ബിജു, കുങ്ഫു ബിനു, സുഭാഷ് എന്നിവര്‍ വധശ്രമം, സ്പിരിറ്റ് കേസ്, നര്‍ക്കോട്ടിക് കേസ് തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. അറസ്റ്റുചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →