പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും: യുദ്ധം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍

റഷ്യ യുക്രൈനില്‍ നടത്തുന്ന യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവര്‍ത്തിക്കുകയാണ്. വന്‍ സൈനിക ശക്തിയുടെ അഹംഭാവത്തോടെ യുക്രൈനെ അതിവേഗം കീഴടക്കാമെന്ന റഷ്യയുടെ പ്രതീക്ഷ തകിടം മറഞ്ഞ യുദ്ധത്തില്‍, യുക്രൈന്റെ നയതന്ത്ര നീക്കങ്ങളുടെ വിജയമാണു ലോകം കാണുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ യുദ്ധത്തിന് അന്ത്യം കുറിയ്ക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഒന്നും നടക്കുന്നില്ല. നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യര്‍ യുദ്ധത്തിന്റെ ഇരകളായി നരകിക്കുന്ന കാഴ്ചയാണു ലോകംകാണുന്നത്.

എല്ലാ ക്രൂരതകള്‍ക്കും ഉത്തരം പറയിക്കും-സെലന്‍സ്‌കി

യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തോടായി നടത്തിയ അഭിസംബോധനയില്‍, യുക്രൈന്റെ മണ്ണില്‍ നടത്തിയ എല്ലാ ക്രൂരതകള്‍ക്കും റഷ്യയെക്കൊണ്ട് ഉത്തരം പറയിക്കുമെന്നാണു പറയുന്നത്. മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത റഷ്യന്‍ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് കണക്ക്. യുക്രൈനില്‍ എണ്ണായിരത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടു എന്നാണു കണക്ക്.
റഷ്യയുടെ ആക്രമണത്തോട് പിടിച്ചുനില്‍ക്കാന്‍ യുക്രൈന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും എത്തിച്ചുനല്‍കിയ ആയുധങ്ങളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യൂറോപ്പില്‍ നിന്ന് യുക്രൈനിലേക്ക് ഒഴുകിയത് അത്യന്താധുനിക ആയുധങ്ങളുടെ വന്‍ ശേഖരമാണ്.അമേരിക്ക 31 എബ്രാംസ് ടാങ്കുകള്‍ യുക്രൈനു നല്‍കുമെന്ന് ഏറ്റവും ഒടുവില്‍ അമേരിക്ക പഖ്യാപിച്ചിട്ടുണ്ട്.യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും യുക്രൈന് നല്‍കിയ ആയുധങ്ങളാണ് റഷ്യന്‍ അധിനിവേശത്തോട് ചെറുത്തു നില്‍ക്കാന്‍ അവരെ പ്രാപ്തമാക്കുന്നത്. നാറ്റോ രാജ്യങ്ങള്‍ യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ആധുനിക ടാങ്കുകള്‍ യുക്രൈന് നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ തുടങ്ങിയതോടെ റഷ്യ പതറി. അമേരിക്ക ഏറ്റവും ഒടുവില്‍ യുക്രൈന് നല്‍കിയത് 90 സ്‌ട്രൈക്കര്‍ കവചിത വാഹനങ്ങളാണ്. അമേരിക്ക മാത്രമല്ല 46 ലോകരാജ്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ യുക്രൈന് ആയുധ സഹായം നല്‍കിയിട്ടുണ്ട്. ഒന്‍പതിനായിരം കോടി രൂപയുടെ ആയുധ സാമ്പത്തിക സഹായം ഇതിനകം യുക്രൈന് ലഭിച്ചു. ഇതിന്റെ ഇരട്ടിയോളം തുകയുടെ സഹായം വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. റഷ്യയുടെ എണ്ണ വിപണിക്കുമേല്‍ യൂറോപ്യന്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധവും അതിവേഗം അവസാനിപ്പിക്കാമെന്നു കരുതി റഷ്യ ആരംഭിച്ച യുദ്ധത്തിന്റെ ഗതി മാറ്റിയിരിക്കയാണ്.

വഷളാകുന്ന അമേരിക്ക- റഷ്യ ബന്ധം

യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതും ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കയുമായുള്ള ആണവ നിയന്ത്രണ കരാറില്‍ നിന്നും പിന്‍വാങ്ങുന്നതായി റഷ്യ പ്രഖ്യാപിച്ചു. റഷ്യയുടെ തീരുമാനം നിരുത്തരവാദ പരമാണെന്നും സാഹചര്യം സസൂക്ഷ്മം വിലയിരുത്തുകയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു. അതിനിടയില്‍ മോസ്‌കോയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ റഷ്യ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവുമായി ഇന്നു കൂടിക്കാഴ്ചയും നടത്തി. 2010 ല്‍ ഇരു രാജ്യങ്ങളും ഒപ്പിട്ട ന്യൂ സ്റ്റാര്‍ട്ട് എന്ന ആണവ നിയന്ത്രണ കരാറിലെ പങ്കാളിത്തമാണ് റഷ്യ ഉപേക്ഷിച്ചത്. അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവുമാണ് അന്നു കരാറില്‍ ഒപ്പിട്ടത്. ലോകത്തു ഏറ്റവും കൂടുതല്‍ ആണവായുധമുള്ള രണ്ടു രാജ്യങ്ങളും തങ്ങളുടെ ആണവായുധങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ ഈ കരാറിലൂടെ തീരുമാനിക്കുകയായിരുന്നു.

ഇരുരാജ്യങ്ങള്‍ക്കും കരാര്‍ പ്രകാരം കൈവശം വയ്ക്കാവുന്ന ആണവായുധങ്ങളുടെ എണ്ണം 1550 ആണ്. ആണവ വാഹക ശേഷിയുള്ള മിസൈലുകളിലും ബോംബര്‍ വിമാനങ്ങളിലുമായി എഴുനൂറു ആണാവായുധങ്ങളും കരുതാം. നേരത്തെ വന്ന കണക്കുകള്‍ പ്രകാരം ഒന്നാം സ്ഥാനത്തുള്ള റഷ്യക്ക് 6250 ആണവായുധങ്ങളും രണ്ടാം സ്ഥാനത്തുള്ള അമേരിക്കയ്ക്ക് 5650 ആണവായുധങ്ങളും ഉള്ളപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ചൈനയുടെ ആണാവായുധങ്ങളുടെ എണ്ണം 350 മാത്രമാണ് എന്നിടത്താണ് ഈ കരാറിന്റെ പ്രാധാന്യം വ്യക്തമാക്കുക 2021 ഫെബ്രുവരിയില്‍ കരാര്‍ അഞ്ചുവര്‍ഷം കൂടി നീട്ടാന്‍ ഇരുരാജ്യവും തീരുമാനിച്ചിരുന്നു.ഇപ്പോള്‍ കരാറില്‍ നിന്നു പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിച്ച റഷ്യന്‍ പ്രസിഡണ്ട് വ്‌ലാദിമിര്‍ പുട്ടിന്‍ അമേരിക്ക ആണവ പരീക്ഷണം നടത്തിയാല്‍ സമാന നടപടികളുമായി മുന്നോട്ടു പോകാന്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.വെള്ളിയാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന യുക്രൈന് യുദ്ധം ശക്തമായി തുടരുമെന്നും പുട്ടിന്‍ വ്യക്തമാക്കി.അമേരിക്കന്‍ പ്രസിഡന്റിന്റെ യുക്രൈന് സന്ദര്‍ശത്തിനു പിന്നാലെയാണ് റഷ്യ കടുത്ത തീരുമാനം കൈക്കൊണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →