ഷിന്‍ഡെ വില്ലെടുക്കട്ടെ, ഉദ്ധവ് തീപ്പന്തവും

ന്യൂഡല്‍ഹി: ശിവസേന എന്ന പേരും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്‌നവും തല്‍ക്കാലം മഹാരാഷ്ര്ട മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ പക്ഷത്ത് തുടരുമെന്ന് സുപ്രീം കോടതി. തീപ്പന്തം ചിഹ്‌നം ഉദ്ധവ് താക്കറെ പക്ഷത്തിന് നിലനില്‍ക്കുമെന്നും സുപ്രീം കോടതി. ശിവസേന എന്ന പേരും അമ്പും വില്ലും ചിഹ്നഹ്നവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഷിന്‍ഡെ വിഭാഗത്തിനാണ് അനുവദിച്ചത്. ഇതു ചോദ്യംചെയ്തും തല്‍സ്ഥിതി തുടരണമെന്ന് അഭ്യര്‍ഥിച്ചും ഉദ്ധവ് താക്കറെ വിഭാഗം നല്‍കിയ ഹര്‍ജിയിലാണു സുപ്രീം കോടതിയുടെ ഉത്തരവ്. ഉദ്ധവിന്റെ ഹര്‍ജി പരിഗണിക്കാമെന്ന് സമ്മതിച്ച പരമോന്നത കോടതി, തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീര്‍പ്പ് തല്‍ക്കാലം തുടരട്ടെയെന്ന് നിര്‍ദേശിക്കുകയായിരുന്നു. സുപ്രീം കോടതിയിലുള്ള ഒന്നിലധികം ഹര്‍ജികളില്‍ തീര്‍പ്പ് വരുന്നതുവരെ സേനയുടെ സ്വത്തുക്കള്‍, ഓഫീസുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നാണു താക്കറെ പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. പേരും ചിഹ്‌നവും കൂടാതെ, ഷിന്‍ഡെ പക്ഷത്തുള്ള എം.എല്‍.എമാരുടെ അംഗബലം കൂടി ചോദ്യം ചെയ്താണ് താക്കറെ പക്ഷം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇവരില്‍ ഒരു വിഭാഗം എം.എല്‍.എമാര്‍ അയോഗ്യത കല്‍പ്പിക്കപ്പെടാന്‍ അര്‍ഹരാണെന്നും താക്കറെ വിഭാഗം വാദിക്കുന്നു.

താക്കറെ വിഭാഗത്തിന് സംരക്ഷണം വേണമെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അഭ്യര്‍ഥിച്ചു. സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കൈയേറാന്‍ അനുവദിച്ചുകൂടെന്നും കപില്‍ സിബല്‍ വാദിച്ചു. പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഓഫീസ് ഷിന്‍ഡെ വിഭാഗം കൈയടക്കിയ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഈ അഭ്യര്‍ഥന.
ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് മരവിപ്പിക്കാനാകില്ലെന്നു കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് അട്ടിമറിക്കുന്നെന്നു കണ്ടാല്‍ താക്കറെ ക്യാമ്പിന് നിയമപരമായി അതിനെ നേരിടാമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പാര്‍ട്ടിക്ക് വിപ്പ് നല്‍കില്ലെന്നു സേനയുടെ ബാങ്ക് അക്കൗണ്ടുകളോ പാര്‍ട്ടി ഓഫീസുകളോ ഏറ്റെടുക്കില്ലെന്നും ഷിന്‍ഡെ വിഭാഗം കോടതിക്ക് ഉറപ്പ് നല്‍കി.
തെരഞ്ഞെടുപ്പ് ചിഹ്‌നം സംബന്ധിച്ച വിഷയം ഹൈക്കോടതി കേട്ടതാണ്. തെരഞ്ഞെടുപ്പ് കമ്മിഷനോട് മുന്നോട്ടുപോകാനും തീരുമാനമെടുക്കാനുമാണ് ഹൈക്കോടതി ആവശ്യപ്പെട്ടതെന്നും ഷിന്‍ഡെ പക്ഷം വാദിച്ചു. ഈ സാഹചര്യത്തില്‍ എന്തിനാണ് ഉദ്ധവ് താക്കറെ പക്ഷം നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചതെന്നും കോടതി എന്തിന് ഇടപെടണമെന്നുമുള്ള ചോദ്യവും അവര്‍ ഉയര്‍ത്തി.

അതേസമയം, നിയമസഭയിലെ അംഗബലം മാത്രമേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണിച്ചുള്ളൂവെന്ന് താക്കറെ പക്ഷം ബോധിപ്പിച്ചു. രാജ്യസഭയിലും ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലും തങ്ങള്‍ക്കുള്ള ഭൂരിപക്ഷം എന്തുകൊണ്ട് കമ്മിഷന്‍ പരിഗണിച്ചില്ലെന്ന ചോദ്യവും തിങ്കളാഴ്ച സമര്‍പ്പിച്ച ഹര്‍ജിയില്‍ താക്കറെപക്ഷം ഉയര്‍ത്തി. ഇനി നിയമസഭയിലെ അംഗബലത്തിന്റെ കാര്യത്തിലാണെങ്കില്‍, സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ തീരുമാനത്തിനുശേഷമേ ഷിന്‍ഡെ പക്ഷത്തെ എണ്ണംതന്നെ ഉറപ്പിക്കാന്‍ കഴിയൂ എന്നും താക്കറെ പക്ഷം ബോധിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →