കനക് റെലെ അന്തരിച്ചു

മുംബൈ: പത്മഭൂഷണ്‍ ജേതാവും മോഹിനിയാട്ടം, കഥകളി നര്‍ത്തകിയുമായ ഡോ. കനക് റെലെ(85) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിന്റെ സ്ഥാപക പ്രിന്‍സിപ്പലുമായിരുന്നു. മോഹിനിയാട്ടത്തിന്റെ പ്രൗഢി രാജ്യാന്തര തലത്തില്‍ എത്തിച്ച അവരെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. സംഗീത നാടക അക്കാദമി പുരസ്‌കാരം, കാളിദാസ് സമ്മാന്‍, എം.എസ്. സുബലക്ഷ്മി പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.

ഗുജറാത്തില്‍ 1937 ജൂണ്‍ 11 നാണു ജനനം. ടാഗോറിന്റെ ശാന്തിനികേതനില്‍ ചെലവഴിച്ച കാലത്താണു നൃത്തത്തോട് അടുക്കുന്നത്. ശാന്തിനികേതനില്‍വച്ചാണു മോഹിനിയാട്ടം പഠിച്ചത്. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍നിന്ന് ഉന്നത മാര്‍ക്കോടെ നിയമബിരുദം നേടിയിട്ടും കനക് റെലെ നൃത്തവേദിയില്‍ തുടര്‍ന്നു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള കലാസാംസ്‌കാരിക വകുപ്പിന്റെ ഉപദേശക ആയിരുന്നു. ഭാരതീയ നൃത്തകലകളെക്കുറിച്ച് നിരവധി വിദേശ സര്‍വകലാശാലകളില്‍ പഠിപ്പിച്ചു. 1967ല്‍ ചെറുതുരുത്തിയിലെത്തി മോഹിനിയാട്ടത്തെക്കുറിച്ചു ഗവേഷണം നടത്തിയ അവര്‍ പിന്നീടു കാവാലം നാരായണപ്പണിക്കരുമായി ചേര്‍ന്നു മോഹിനിയാട്ടത്തിലെ തനതു ശൈലിയെക്കുറിച്ചുള്ള വിദഗ്ധ പഠനവും നടത്തി. ഗുരു കരുണാകര പണിക്കരില്‍നിന്നു കഥകളിയും അഭ്യസിച്ചു. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി തെറാപ്യൂട്ടിക് ചികില്‍സയുടെ ഭാഗമായി ഡോ.കനക് റെലെ സംഘടിപ്പിച്ച നൃത്ത നാടകങ്ങള്‍ ശ്രദ്ധ പിടിച്ചു പറ്റി. യതീന്ദ്ര റെലെയാണു ഭര്‍ത്താവ്. മകന്‍: രാഹുല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →