മഞ്ചേരി: പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ എടക്കര പോലീസ് അറസ്റ്റു ചെയ്ത യുവാവ് മഞ്ചേരി സ്‌പെഷല്‍ സബ്ജയിലില്‍ റിമാന്‍ഡില്‍. പൂക്കോട്ടുംപാടം അമരമ്പലം കവളമുക്കട്ട വീരാളിമുണ്ട കോളനി ഒടുക്കല്‍ സജിത്ത്(23)നെയാണ് നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
ചുങ്കത്തറ പടിഞ്ഞാറ്റിയംപാടം പട്ടികവര്‍ഗ കോളനി നിവാസിയായ പെണ്‍കുട്ടിയെ 2022 ജൂലൈ മുതല്‍ 2023 ജനുവരി 15 വരെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയായെന്നാണു കേസ്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കള്‍ നിലമ്പൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം പുറത്തായത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി കേസെടുക്കുകയായിരുന്നു. പ്രലോഭിപ്പിച്ച് ചുങ്കത്തറ അങ്ങാടിയിലേക്കു വിളിച്ചുവരുത്തുകയും ഇവിടെനിന്ന് ബൈക്കില്‍ കയറ്റി അകമ്പാടം കുരിശുപാറയിലെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നുമാണ് കുട്ടി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എടക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവാണ് ഇക്കഴിഞ്ഞ 15നു പ്രതിയെ അറസ്റ്റ് ചെയ്തത്.

