കരിപ്പൂര്‍ : സ്വര്‍ണമാലകള്‍ വായ്ക്കകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ദുബായില്‍നിന്നെത്തിയ അഹമ്മദ് ഷബീര്‍, നൂറുദ്ദിന്‍ എന്നിവരില്‍നിന്ന് യഥാക്രമം 140 ഗ്രാം, 145 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാലകളാണ് കസ്റ്റംസ് പിടികൂടിയത്. ഇവര്‍ക്കു പുറമെ ഷാര്‍ജയില്‍നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിം മുഹമ്മദ് യാസിറില്‍നിന്ന് 210 ഗ്രാമിന്റെ സ്വര്‍ണനാണയങ്ങള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും ദുബായില്‍നിന്നെത്തിയ കോഴിക്കോട് സ്വദേശി കബീര്‍ പുതുക്കുടിയില്‍ നിന്നും 752 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതം അടങ്ങിയ മൂന്ന് ക്യാപ്‌സ്യൂളുകള്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചനിലയിലും കണ്ടെത്തി. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പ്രവര്‍ത്തികളും വിശദമായ തുടരന്വേഷണവും നടത്തുമെന്നു കസ്റ്റംസ് അറിയിച്ചു. കരിപ്പൂരില്‍നിന്ന് ദുബായിലേക്കു മതിയായ രേഖകള്‍ ഇല്ലാതെ കടത്താന്‍ ശ്രമിച്ച 6,000 അമേരിക്കന്‍ ഡോളറുമായി തമിഴ്‌നാട് മധുര സ്വദേശി മുഹമ്മദ് യൂസുഫിനെ കസ്റ്റംസ് പിടികൂടി. 4,83,600 രൂപയാണ് കറന്‍സിയുടെ മൂല്യം.