കൊച്ചി: ലൈഫ് മിഷന് കോഴ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യാന്‍ വിളിച്ചാലും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഉടന്‍ ഹാജരാകില്ല. സമയം നീട്ടിചോദിക്കാനാണു സാധ്യത.
നോട്ടീസ് ലഭിക്കുമ്പോള്‍ അതു ചോദ്യംചെയ്തു കോടതിയെ സമീപിക്കാനും നീക്കമുണ്ട്. ഇ.ഡി. നേരത്തെ രണ്ടുതവണ മൊഴിയെടുത്തു വിട്ടയച്ചതാണെന്നും ഇപ്പോഴത്തെ കേസ് രാഷ്ട്രിയപ്രേരിതമാണെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും രവീന്ദ്രനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണു ശ്രമം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് രണ്ടരയ്ക്ക് അവസാനിക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കും. ഇ.ഡി. അഞ്ചു ദിവസത്തെ കസ്റ്റഡി കൂടി ആവശ്യപ്പെടാനാണു സാധ്യത. ശിവശങ്കറിന്റെ കേസില്‍ കോടതിയുടെ തുടര്‍സമീപനം അറിഞ്ഞശേഷമാകും ഹാജരാകുന്നതില്‍ രവീന്ദ്രന് തീരുമാനമെടുക്കുക. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും രവീന്ദ്രനും തമ്മിലുള്ള സ്വകാര്യ ഫോണ്‍ചാറ്റുകള്‍ കണ്ടെടുത്തതോടെയാണു വീണ്ടും ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരേയും ചോദ്യംചെയ്യലിനു വിളിപ്പിക്കും.
ശിവശങ്കറും സ്വപ്ന സുരേഷും തമ്മില്‍ നടത്തിയ വാട്സ്ആപ് ചാറ്റുകളില്‍ രവീന്ദ്രനെപ്പറ്റി പരാമര്‍ശമുണ്ട്. സ്വപ്ന സുരേഷും രവീന്ദ്രനെതിരേ മൊഴി നല്‍കിയിരുന്നു. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ 15 നാണ് അറസ്റ്റുചെയ്തത്. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം കുറ്റസമ്മത മൊഴിയില്ലാതെയായിരുന്നു അറസ്റ്റ്. സമാന രീതിയില്‍ രവീന്ദ്രനേയും അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയാണു സര്‍ക്കാരിന്. അതിനാല്‍, വ്യക്തമായ നിയമോപദേശം തേടിയാകും രവീന്ദ്രന് ഹാജരാകുക. വീണ്ടും അറസ്റ്റ് ചെയ്യില്ലെന്ന ധാരണയിലാണു ശിവശങ്കര്‍ ചോദ്യം ചെയ്യലിന് എത്തിയത്.
കൊവിഡും രോഗാവസ്ഥയും അടക്കമുള്ള ന്യായങ്ങള്‍ നിരത്തി 2021 ല്‍ ചോദ്യം ചെയ്യലിനു ഹാജരാവാതിരുന്ന രവീന്ദ്രന് പിന്നീട് ഇ.ഡിക്കു മുന്നില്‍ എത്തുകയായിരുന്നു. തുടര്‍ച്ചയായി 13 മണിക്കൂറാണു അന്നു രവീന്ദ്രനെ ചോദ്യം ചെയ്തത്.
കോഴിക്കോട് ജില്ലയിലെ പാര്‍ട്ടി കോട്ടയായ ഒഞ്ചിയത്ത് സി.പി.എം. പ്രവര്‍ത്തകനായിരുന്നു സി.എം. രവീന്ദ്രന് എല്‍.ഡി.എഫ്. കണ്‍വീനറായ പി.വി. കുഞ്ഞിക്കണ്ണന്റെ സഹായിയായി 1980 കളിലാണ് തലസ്ഥാനത്തെത്തുന്നത്. പിന്നീടു 40 വര്‍ഷമായി സി.പി.എം. നേതാക്കളുടെ പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു.

