ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാത്രിദിനത്തില്‍ പ്രാര്‍ഥന നടത്തുന്നതിനെച്ചൊല്ലി രണ്ടു സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 14 പേര്‍ക്ക് പരുക്ക്. ഖാര്‍ഗോണ്‍ ജില്ലയിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഉന്നത ജാതിക്കാര്‍ തങ്ങളെ തടഞ്ഞതായി ദളിതര്‍ ആരോപിച്ചു. സനാവാദ് മേഖലയിലെ ഛപ്ര ഗ്രാമത്തില്‍ മൂന്നു ജാതി വിഭാഗങ്ങള്‍ ചേര്‍ന്നു നിര്‍മിച്ച ശിവക്ഷേത്ത്രില്‍ ദളിതര്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്തുന്നതിച്ചൊല്ലിയാണു തര്‍ക്കമുണ്ടായതെന്നു പോലീസ് പറഞ്ഞു.
തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായി കല്ലേറുണ്ടായി. ഇരുവിഭാഗങ്ങളില്‍നിന്നും പരാതികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും മുതിര്‍ന്ന പോലീസ് ഓഫീസര്‍ വിനോദ് ദീക്ഷിത് പറഞ്ഞു.
ഗുര്‍ജാര്‍ സമുദായത്തില്‍പ്പെട്ട ഭയ്യാ ലാല്‍ പട്ടേല്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം ദളിത് പെണ്‍കുട്ടികളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടഞ്ഞതായി ദളിത് വിഭാഗത്തില്‍പ്പെട്ട പ്രേംലാല്‍ നല്കിയ പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ പട്ടികജാതി/വര്‍ഗ സംരക്ഷണ നിയമപ്രകാരവും കലാപശ്രമം ഉള്‍പ്പെടെയുള്ള മറ്റു വകുപ്പുകളും ചേര്‍ത്ത് അജ്ഞാതരായ 25 പേര് ഉള്‍പ്പെടെ 37 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. രവീന്ദ്ര റാവു മറാത്തയുടെ പരാതിയില്‍ പ്രേംലാലിനും മറ്റ് 33 പേര്‍ക്കുമെതിരേ, ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതിന് മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചതായും ജാതി വിവേചനം അനുവദിക്കില്ലെന്നു വ്യക്തമാക്കിയതായും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് ജാതിയുടെ പേരില്‍ ആരെയും തടയാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, ഗ്രാമത്തില്‍ ബി.ആര്. അംബേദ്കറുടെ പ്രതിമ സ്ഥാപിക്കുന്നതിനെച്ചൊല്ലി ദളിത്-ഗുര്‍ജര്‍ വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസം ഗ്രാമത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രതിമ സ്ഥാപിക്കാന്‍ മരം മുറിച്ച ദളിത് വിഭാഗക്കാര്‍ക്കെതിരേ ഗുര്‍ജറുകള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, ശിവരാത്രി ദിനത്തില്‍ത്തന്നെ ഛപ്രയ്ക്കു സമീപമുള്ള കസ്രവാഡിലും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് ദളിതരെ തടഞ്ഞതായി പരാതിയുണ്ട്.
ഛോട്ടി കസ്രവാഡ് ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് തങ്ങളെ തടഞ്ഞതായി ദളിതര്‍ ആരോപിച്ചു. പൂജ നടത്താന്‍ ശ്രമിച്ച സ്ത്രീയെ തള്ളിയിട്ടതായും ആരോപണമുണ്ട്. സംഭവത്തില്‍ ജാതി വിവേചന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തി പോലീസ് അഞ്ചുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

