സൗരാഷ്ട്രയ്ക്ക് കിരീടം

കൊല്‍ക്കത്ത: ബംഗാളിനെ ഒന്‍പത് വിക്കറ്റിനു തോല്‍പ്പിച്ച് സൗരാഷ്ട്ര രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടി. രണ്ടാം തവണയാണ് സൗരാഷ്ട്ര രഞ്ജി ചാമ്പ്യന്‍മാരാകുന്നത്.
സ്‌കോര്‍: ബംഗാള്‍ ഒന്നാം ഇന്നിങ്‌സ് 174, രണ്ടാം ഇന്നിങ്‌സ് 241. സൗരാഷ്ട്ര ഒന്നാം ഇന്നിങ്‌സ് 404, രണ്ടാം ഇന്നിങ്‌സ് ഒന്നിന് 14. സൗരാഷ്ട്രയുടെ വിജയ ലക്ഷ്യം 12 റണ്ണായിരുന്നു. ആകാശ് ദീപ് എറിഞ്ഞ രണ്ടാം ഓവറില്‍ ജയ് ഗോഹില്‍ (0) പുറത്തായി. ഗോഹിലിനെ സുദിപ് കുമാര്‍ ഘാരാമി കൈയിലൊതുക്കി. ഹാര്‍വിക് ദേശായി (നാല്), വിശ്വരാജ് ജഡേജ (ഏഴ് പന്തില്‍ 10) എന്നിവര്‍ പുറത്താകാതെനിന്നു. 85 റണ്‍ വഴങ്ങി ആറ് വിക്കറ്റെടുത്ത സൗരാഷ്ട്ര നായകന്‍ ജയദേവ് ഉനാത്കട്ടാണ് ബംഗാളിനെ തകര്‍ത്തത്. മൂന്ന് വിക്കറ്റെടുത്ത് ചേതന്‍ സകാരിയ ഉനാത്കട്ടിനു മികച്ച പിന്തുണ നല്‍കി.

154 പന്തില്‍ 68 റണ്ണെടുത്ത നായകന്‍ മനോജ് തിവാരിയും 101 പന്തില്‍ 61 റണ്ണെടുത്ത അനുഷ്ട്പ് മജൂംദാറുമാണ് ബംഗാളിനു വേണ്ടി പിടിച്ചുനിന്നത്. അവസാന ബാറ്റര്‍ ഇഷാന്‍ പോറല്‍ (21 പന്തില്‍ രണ്ട് സിക്‌സറും ഫോറുമടക്കം 22), ഷാബാസ് അഹമ്മദ് (38 പന്തില്‍ 27) എന്നിവരുടെ പോരാട്ടം ബംഗാളിനു ഗുണം ചെയ്തില്ല. ബംഗാള്‍ ഒന്നാം ഇന്നിങ്‌സില്‍ 174 റണ്ണിന് ഓള്‍ ഔട്ടായി. സൗരാഷ്ട്ര 404 റണ്ണെടുത്തതോടെ കിരീടം ഉറപ്പാക്കി. ഫൈനലില്‍ ആകെ ഒന്‍പത് വിക്കറ്റുകളെടുത്ത ജയദേവ് ഉനാത്കട്ട് മത്സരത്തിലെ താരമായി. സീസണില്‍ ആകെ 907 റണ്ണെടുത്ത അര്‍പിത് വാസവദ പരമ്പരയിലെ താരവുമായി. കിരീട ധാരണ വേളയില്‍ ഹൃദയാഘാതം മൂലം അന്തരിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആവി ബാരോട്ടിനെ സഹതാരങ്ങള്‍ അനുസ്മരിച്ചു. സൗരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ജേതാക്കളായപ്പോള്‍ ആവി ബാരോട്ടിന്റെ ഭാര്യയെ കിരീട ധാരണ വേളയിലേക്കു ക്ഷണിച്ചിരുന്നു. ജയദേവ് ഉനാത്കട്ടും അര്‍പിത് വാസവദയും ചേര്‍ന്നാണു രഞ്ജി കിരീടം ഏറ്റുവാങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →