ആലപ്പുഴ: കുട്ടനാട്ടിലെ രാമങ്കരിയില്‍ സി.പി.എം. പ്രവര്‍ത്തകരുടെ തമ്മിലടിയില്‍ പരുക്കേറ്റ നേതാക്കള്‍ക്കെതിരേ വധശ്രമക്കുറ്റത്തിനു കേസെടുത്തു. ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രന്‍, സി.പി.എം. രാമങ്കരി ലോക്കല്‍ കമ്മിറ്റി അംഗം കെ.ടി. ശരവണന്‍ എന്നിവര്‍ക്കെതിരേയാണു വധശ്രമം ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പരുക്കേറ്റു ചികിത്സയിലായിരുന്ന ശരവണന്‍ കേസെടുത്തതോടെ ഒളിവില്‍ പോയെന്നു പോലീസ് പറയുന്നു.
അതേസമയം ആക്രമണത്തിന് ഇരയായവര്‍ക്കെതിരായ പോലീസ് നടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണു കുട്ടനാട്ടിലെ ഔദ്യോഗിക വിഭാഗം. എന്നാല്‍ സി.പി.എമ്മിലെ ഇരു വിഭാഗം നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദം പോലീസ് അന്വേഷണത്തെ ബാധിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച (12.02.23) രാത്രിയാണ് സി.പി.എം. വിഭാഗീയത രൂക്ഷമായ രാമങ്കരിയില്‍ സംഘര്‍ഷമുണ്ടായത്.
സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരുക്കേറ്റവരില്‍ ശരവണന്‍, രഞ്ജിത് രാമചന്ദ്രന്‍ എന്നിവരുടെ തലയ്ക്കാണു മുറിവുകളുള്ളത്. വാഹനങ്ങളില്‍ കമ്പിവടികളുമായെത്തി ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഔദ്യോഗിക വിഭാഗത്തെയും വിമത വിഭാഗത്തെയും പിന്തുണയ്ക്കുന്നവര്‍ തമ്മില്‍ പ്രദേശത്ത് ഏറെക്കാലമായി തര്‍ക്കം രൂക്ഷമായി തുടരുകയാണ്. തര്‍ക്കം രാമങ്കരിയില്‍നിന്നു മറ്റ് ലോക്കല്‍ കമ്മിറ്റികളിലേക്കും പടരുകയായിരുന്നു.

