കോഴിക്കോട്: ‘കാന്താര’ സിനിമയിലെ വരാഹരൂപം ഗാനം കോപ്പിയടിയല്ലെന്നും ഒറിജിനല്‍ കോമ്പൊസിഷനാണെന്നും സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. വരാഹരൂപം സ്വന്തമായ സൃഷ്ടിയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് സ്വാഭാവിക നടപടിക്രമങ്ങളാണ്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗാനത്തിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ നഗരം പോലീസ് സ്‌റ്റേഷനില്‍ മൊഴി നല്‍കാനെത്തിയതായിരുന്നു ഷെട്ടി. മാതൃഭൂമി മ്യൂസിക്കിനുവേണ്ടി തൈക്കൂടം ബ്രിഡ്ജ് തയാറാക്കിയ നവരസം എന്ന ഗാനത്തിന്റെ പകര്‍പ്പാണ് കാന്താരയിലെ വരാഹരൂപം എന്ന പാട്ട് എന്നായിരുന്നു പരാതി. മാതൃഭൂമിയും തൈക്കൂടം ബ്രിഡ്ജും നല്‍കിയ പരാതിയിലാണു ചോദ്യം ചെയ്യല്‍. പോലീസ് കമ്മീഷണര്‍ കെ.ഇ. ബൈജു മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസവും ഋഷഭ് ഷെട്ടിയും നിര്‍മ്മാതാവ് വിജയ് കിര്‍ഗന്ദൂറും സ്‌റ്റേഷനില്‍ ഹാജരായിരുന്നു. ഇതോടെ രണ്ട് ദിവസത്തെ ആദ്യഘട്ട മൊഴിയെടുക്കല്‍ പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു. രാവിലെ 11.38ഓടെ പോലീസ് സ്‌റ്റേഷനിലെത്തിയ ഇരുവരില്‍നിന്നും ഒരു മണിവരെ പോലീസ് മൊഴിയെടുത്തു.
വരാഹരൂപം ഗാനം കോപ്പിയടിയല്ല; ഒറിജനല്‍ സൃഷ്ടി: ഋഷഭ് ഷെട്ടി
