മോസ്‌കോ: കൊറോണ പ്രതിരോധത്തില്‍ റഷ്യ വലിയൊരു കടമ്പകൂടി കടന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ മനുഷ്യനിലെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. റഷ്യയിലെ സെചെനോവ് സര്‍വകലാശാല നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ ആന്റ് ബയോ ടെക്നോളജി ഡയറക്ടര്‍ വാഡ്മിന്‍ തരാസോവ് ആണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചത്.
ജൂണ്‍ 18നാണ് സര്‍വകലാശാല വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. വാക്സിന്‍ പരീക്ഷിച്ച ആദ്യസംഘം ആളുകള്‍ ബുധനാഴ്ച ആശുപത്രി വിട്ടു. വാക്സിന്‍ പരീക്ഷിച്ച അടുത്തസംഘം ആളുകള്‍ ജൂലൈ 20 ന് ആശുപത്രി വിടുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ വാക്സിന്‍ കുത്തിവച്ച രോഗികളില്‍ കൊറോണയ്ക്കെതിരായ പ്രതിരോധശേഷി വര്‍ധിക്കുന്നതായി റഷ്യയിലെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യനിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിരവധി രാജ്യങ്ങള്‍ വാക്സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായി വാക്സിന്റെ മനുഷ്യനിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ രാജ്യം റഷ്യയാണ്. ഇനി വ്യാവസായികമായി ഉല്‍പാദിപ്പിക്കുകയെന്ന കര്‍ത്തവ്യമാണ് ശേഷിക്കുന്നത്. കൂടിയ അളവില്‍ സമയബന്ധിതമായി ഉല്‍പാദിപ്പിച്ച് ലോകരാജ്യങ്ങള്‍ക്ക് വീതിച്ചു നല്‍കുകയെന്നതും പ്രധാനമാണ്.

