ന്യൂഡല്‍ഹി: നിയമനത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ അഭിഭാഷക ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ വിക്ടോറിയ ഗൗരിയുടെ നിയമനം ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ഫയലില്‍പ്പോലും സ്വീകരിക്കാതെ സുപ്രീം കോടതി തള്ളുകയും ചെയ്തു.
ഒട്ടേറെ നാടകീയനീക്കങ്ങള്ക്കൊടുവിലാണു വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരായ ഹര്‍ജികള്‍ ഇന്നലെ രാവിലെ സുപ്രീം കോടതി പരിഗണിച്ചത്. നിയമനം സംബന്ധിച്ച കൊളീജിയം ശിപാര്‍ശയ്ക്കെതിരായ റിട്ട് ഹര്‍ജികള്‍ അനുവദിക്കാനാവില്ലെന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്. ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഒരാളുടെ യോഗ്യതയും പദവിക്കു ചേരുമോയെന്നതും തമ്മില്‍ വ്യത്യാസമുണ്ടാകാമെന്നു കോടതി നടപടികളുടെ തുടക്കത്തില്‍ത്തന്നെ ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി. യോഗ്യതയുടെ കാര്യത്തില്‍ തര്‍ക്കങ്ങളുണ്ടാകാം. ഔചിത്യത്തിന്റെ കാര്യത്തില്‍ കോടതികള്‍ക്ക് ഇടപെടാനാവില്ല. രാഷ്ട്രീയപശ്ചാത്തലം ജഡ്ജി നിയമനത്തിനു തടസമല്ല. തനിക്കും രാഷ്ട്രീയമുണ്ട്. എന്നാല്‍, അത് തന്റെ ചുമതലകളെ ബാധിക്കില്ല- ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി.
എന്നാല്‍, ഈ നിയമനത്തിന്റെ കാര്യത്തിലും രാഷ്ട്രീയപശ്ചാത്തലം വിഷയമേയല്ലെന്നു ഹര്‍ജിക്കാരനായ മുതിര്‍ന്ന അഭിഭാഷകന് രാജു രാമചന്ദ്രന് ചൂണ്ടിക്കാട്ടി. വിദ്വേഷപ്രസംഗമാണ് ഇവിടെ വിഷയം. അത് ഭരണഘടനയ്ക്കു നിരക്കാത്ത അധാര്‍മികതയാണ്. അതാണു വിക്ടോറിയ ഗൗരിയെ അയോഗ്യയാക്കുന്ന ഘടകമെന്നും അദ്ദേഹം വാദിച്ചു. ഇത് യോഗ്യതയുടെ പ്രശ്നമാണെന്നു കരുതുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

