തുര്‍ക്കിയിലും സിറിയയിലും മരണം 3000

ഇസ്താംബുള്‍: പത്ത് മണിക്കൂറിനുള്ളില്‍ മൂന്ന് ഭൂകമ്പം, തുര്‍ക്കിയിലും സിറിയയിലുമായി 3,000 മരണം. പതിനായിരത്തിലേറെപ്പേര്‍ക്ക് പരുക്ക്. രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ഗേസിയാന്‍ടെപ് കോട്ട അടക്കമുള്ള ചരിത്ര സ്മാരകങ്ങള്‍ തകര്‍ന്നടിഞ്ഞു. മൂവായിരത്തിലേറെ ബഹുനില മന്ദിരങ്ങളും തകര്‍ന്നടിഞ്ഞു. മരണം പതിനായിരം കടന്നതായാണ് അനൗദ്യോഗിക കണക്ക്.
തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ നഗരമായ ഗാസിയാന്‍ടെപ്പിനു സമീപവും അയല്‍രാജ്യമായ സിറിയയുടെ വടക്കന്‍ മേഖലകളിലുമായി പ്രദേശിക സമയം ഇന്നലെ പുലര്‍ച്ചെ പ്രാദേശിക സമയം 4.17ആദ്യഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ, ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമെന്നു കരുതുന്ന ഭൂചലനത്തില്‍ 1,400 പേര്‍ മരിച്ചു. തുര്‍ക്കിയില്‍ മാത്രം 912 പേര്‍ മരിച്ചു. അയ്യായിരത്തിലേറെപ്പേര്‍ക്കു പരുക്കേറ്റു. മിനിറ്റുകള്‍ക്കുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി.

ഉച്ചയ്ക്ക് 1.25 നായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂകമ്പം. ഗാസിയാന്‍ടെപ്പില്‍നിന്ന് 96.5 കിലോമീറ്റര്‍ അകലെ എകിനൗസുവിനു സമീപമാണു മൂന്നാമത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇന്നലെ മാത്രം അമ്പതോളം തുടര്‍ ചലനങ്ങളാണു തുര്‍ക്കിയിലും അയല്‍രാജ്യങ്ങളിലുമുണ്ടായത്. ഇവയില്‍ ഭൂരിപക്ഷവും റിക്ടര്‍ സ്‌കെയിലില്‍ നാലിലേറെ രേഖപ്പെടുത്തി. മൂന്നു ഭൂകമ്പങ്ങളിലായി തുര്‍ക്കിയില്‍ മാത്രം രണ്ടായിരത്തിലേറെപ്പേര്‍ മരിച്ചതായാണു റിപ്പോര്‍ട്ട്. സിറിയയില്‍ സര്‍ക്കാരും വിമതരും നിയന്ത്രിക്കുന്ന പ്രദേശങ്ങളിലായി നിരവധിപ്പേര്‍ മരിച്ചു. സിറിയയില്‍ ആയിരത്തിലേറെപ്പേര്‍ മരിച്ചതായാണു റിപ്പോര്‍ട്ട്. ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായ സിറിയയില്‍ മരണസംഖ്യയുടെ കാര്യത്തില്‍ വ്യക്തതയില്ല. ഇവിടെ രക്ഷാ പ്രവര്‍ത്തനവും മന്ദഗതിയിലാണ്.

ജനങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദുരന്തമെത്തിയത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ ജീവരക്ഷാര്‍ഥം പുറത്തേക്കോടി. ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യ ഭൂകമ്പത്തില്‍ തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ പല പ്രമുഖ നഗരങ്ങളും തകര്‍ന്നടിഞ്ഞു. സിറിയയിലെയും മറ്റു ചില രാജ്യങ്ങളിലെയും ആഭ്യന്തരയുദ്ധങ്ങളെത്തുടര്‍ന്നു പലായനം ചെയ്തിരുന്നവര്‍ തിങ്ങിപ്പാര്‍ത്തിരുന്ന പ്രദേശങ്ങളാണിവ. പ്രഭവകേന്ദ്രത്തിനു സമീപം ഗാസിയാന്‍ടെപ്പിനും കഹ്രാമാന്‍മരാസിനും ഇടയിലായാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. മാല്‍തായ പ്രവിശ്യയില്‍ 13-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പ്രശസ്തമായ മോസ്‌ക് ഭാഗികമായി തകര്‍ന്നു. ഇവിടെ 28 അപ്പാര്‍ട്ട്‌മെന്റുകളുള്ള14 നില കെട്ടിടവും തകര്‍ന്നു. ഗാസിയാന്‍ടെപ്പില്‍ റോമന്‍ സൈന്യം നിര്‍മിച്ച 2,200 വര്‍ഷം പഴക്കമുള്ള മലമുകളിലെ കൊട്ടാരവും തകര്‍ന്നടിഞ്ഞു. രക്ഷാ പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തിലായിരുന്നു രണ്ടാം ഭൂകമ്പം. വിള്ളല്‍ വീണ കെട്ടിടങ്ങളെ രണ്ടാമത്തെ ഭൂകമ്പം തകര്‍ത്തു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കെയായിരുന്നു മൂന്നാമത്തെ ഭൂകമ്പം. ലെബനനിലും െസെപ്രസിലും ഭൂകമ്പം അനുഭവപ്പെട്ടു. തുര്‍ക്കിയിലും സിറിയയിലും വലിയ മന്ദിരങ്ങളടക്കം നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നുവീണു. നൂറുകണക്കിനുപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന. കുടുങ്ങിക്കിടക്കുന്നവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുന്നതിന്റെയും തെരച്ചില്‍ നടത്തുന്നതിന്റെയും വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സിറിയയില്‍ അലപ്പോ, ഹാമ, ലറ്റാകിയ, ടാര്‍ടസ് എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്.വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് മേഖലയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറിലേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവില്‍ ഡിഫന്‍സ് സേന അറിയിച്ചു. മുന്‍കരുതലെന്ന നിലയില്‍ ദുരന്തബാധിത മേഖലകളിലെ പ്രകൃതിവാതക, വൈദ്യുതി ലൈനുകള്‍ വിച്‌ഛേദിച്ചു. സ്‌കൂളുകള്‍ക്കു രണ്ടാഴ്ച അവധി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →