കോട്ടയം: അടൂര്‍ ഗോപാലകൃഷ്ണനെതിരേ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികള്‍. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളില്‍ പട്ടികജാതിക്കാരില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതു ശരിയല്ലെന്നും ഒരാള്‍ ദളിത് വിഭാഗത്തില്‍നിന്നാണെന്നും മൂന്നു പേര്‍ ഒ.ബി.സിക്കാരാണെന്നും ജീവനക്കാര്‍ പറഞ്ഞു. ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്റെ വീട്ടിലെ ശൗചാലയം കഴുകിപ്പിച്ചെന്ന ആരോപണം വനിതാ തൊഴിലാളികള്‍ ആവര്‍ത്തിച്ചു. ”ഞങ്ങള്‍ പറഞ്ഞതു ശങ്കര്‍ മോഹന്റെ വീട്ടില്‍ അനുഭവിച്ച ദുരിതമാണ്. ഒരിക്കലും അടൂര്‍ ഗോപാലകൃഷ്ണന്‍ ഞങ്ങളോട് എന്താണു പ്രശ്‌നമെന്നുപോലും ചോദിച്ചിട്ടില്ല. അദ്ദേഹത്തിനു ഞങ്ങള്‍ എത്ര പേരുണ്ടെന്നറിയില്ല. ദിവസവേതനത്തിന്റെ അടിസ്ഥാനത്തിലല്ല ഞങ്ങളെ ജോലിക്കെടുത്തത്. 6000 രൂപയായിരുന്നു കഴിഞ്ഞ നവംബര്‍ വരെ ശമ്പളം. ശേഷം 8000 ആക്കി. എന്നാല്‍, ഡിസംബറില്‍ പൂട്ടിയിട്ട ആറു ദിവസത്തെ ശമ്പളം കുറച്ചു കൈയില്‍ കിട്ടിയത് 5250 രൂപയാണ്. ജനുവരിയില്‍ 23 മുതല്‍ ഏഴു ദിവസത്തെ ശമ്പളംമാത്രമേ ലഭിക്കൂ എന്നാണ് ഓഫീസില്‍നിന്നുള്ള അറിയിപ്പ്”- അവര്‍ പറഞ്ഞു