ന്യൂഡല്‍ഹി: ഗുജറാത്ത് കലാപം സംബന്ധിച്ച ബി.ബി.സി. ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിരോധനാജ്ഞ. സര്‍വകലാശാലയുടെ ആര്‍ട്ട് വിഭാഗത്തിനു പുറത്ത് സംഘം ചേരുന്നതിനാണു നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം, നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച 24 വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
എന്‍.എസ്.യുവിന്റെ നേതൃത്വത്തിലാണ് ആര്‍ട്ട് ഫാക്കല്‍റ്റി ഗേറ്റിനു സമീപം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഡോക്യുമെന്ററി പ്രദര്‍ശനത്തിന് സര്‍വകലാശാല അധികൃതര്‍ അനുമതി നിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനാല്‍ ക്യാമ്പസില്‍ ബി.ബി.സി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കാനാകില്ലെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആര്‍ട്ട് വിഭാഗത്തിനു സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍, ഇതു കണക്കിലെടുക്കാതെ വൈകിട്ട് നാലുമണിയോടെ ഡോക്യുമെന്ററി പ്രദര്‍ശനത്തിനായി ഇരുപതോളം പേരടങ്ങുന്ന സംഘം സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. ഇവരെ കസ്റ്റഡിയിലെടുത്തതായും സ്ഥിതിഗതികള്‍ സമാധാനപരമാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
അതേസമയം, അംബേദ്കര്‍ സര്‍വകലാശാലയിലും ഡോക്യുമെന്ററി പ്രദര്‍ശനം തടയാനുള്ള ശ്രമം ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജെ.എന്‍.യു മാതൃകയില്‍ അംബേദ്കര്‍ സര്‍വകലാശാലയിലും വൈദ്യുതി വിചേ്ഛദിച്ച് ഡോക്യുമെന്ററി പ്രദര്‍ശനം അധികൃതര്‍ തടയുകയായിരുന്നു. എന്നാല്‍, ക്യൂ.ആര്‍. കോഡ് വഴി വീഡിയോ എല്ലാവരുടേയും മൊെബെലുകളിലും ലാപ്‌ടോപുകളിലും കാണാനുള്ള സൗകര്യം വിദ്യാര്‍ഥികള്‍ ഒരുക്കി പ്രദര്‍ശനം തുടര്‍ന്നതായാണ് വിവരം.
കഴിഞ്ഞ ചൊവ്വാഴ്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനിരിക്കെ, ജെ.എന്‍.യുവിലെ ഇന്റര്‍നെറ്റും െവെദ്യുതി ബന്ധവും വിച്‌ഛേദിച്ചത്. ഇതോടെ മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ച വീഡിയോകള്‍ ഫോണിലും ലാപ്‌ടോപ്പിലും കണ്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു.

