ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസില്‍ അസഹിഷ്ണുത ആരോപിച്ചു പാര്‍ട്ടി പദവികള്‍ രാജിവച്ചു. ബിബി.സിയുടെ ”ഇന്ത്യ: ദ് മോദി ക്വസ്റ്റിയന്‍ ” എന്ന ഡോക്യൂമെന്ററിക്കെതിരേ അനില്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം അനിലിനെതിരേ രംഗത്തെത്തിയിരുന്നു. കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍, എ.ഐ.സി.സി. സോഷ്യല്‍മീഡിയ നാഷനല്‍ കോഓര്‍ഡിനേറ്റര്‍ പദവികളാണ് അനില്‍ രാജിവച്ചത്.
ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കണമെന്ന പൊതുവികാരമാണു താന്‍ പങ്കുവച്ചതെന്ന് അനില്‍ വിശദീകരിച്ചു. കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് മോശം പ്രതികരണമുണ്ടായി. സഹിഷ്ണുതയെക്കുറിച്ച് പറയുന്നവരാണ് ഇങ്ങനെ അധഃപതിച്ചതെന്നും അനില്‍ വിമര്‍ശിച്ചു. മകന്‍ പദവികള്‍ ഒഴിഞ്ഞതില്‍ പ്രതികരിക്കാനില്ലെന്ന് എ.കെ. ആന്റണി അറിയിച്ചു.
”കഴിഞ്ഞ 24 മണിക്കൂറില്‍ സംഭവിച്ച കാര്യങ്ങള്‍ എനിക്ക് വ്യക്തിപരമായി വേദനയുണ്ടാക്കി. ഇങ്ങനെ ഒരു സാഹചര്യത്തില്‍ എന്നെപ്പോലൊരാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് എനിക്കോ പാര്‍ട്ടിക്കോ നല്ലതാണെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണിത്”. – രാജിക്കത്തില്‍ അനില്‍ വ്യക്തമാക്കി. രാഷ്ട്രീയത്തില്‍നിന്നു അകന്നുനില്‍ക്കാനാണു തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
2017ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നേരിട്ടു പറഞ്ഞതിനാലാണു പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് അനില്‍ അവകാശപ്പെട്ടു. 2019ല്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സേവനം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പു വന്നപ്പോള്‍ പിതാവ് ഉള്‍പ്പെടെ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ കൂടെ നിന്നപ്പോഴും താന്‍ തരൂരിന്റെ കൂടെ നിന്നു. 2021 വരെ തെരഞ്ഞെടുപ്പുകളില്‍ സജീവമായിരുന്നു. ഏതാനും മാസങ്ങളായി പല കാരണങ്ങളാല്‍ മാറിനില്‍ക്കുകയാണ്. പാര്‍ട്ടി വിരുദ്ധമായ ഒന്നും ട്വീറ്റ് ചെയ്തിട്ടില്ലെന്നും അനില്‍ അവകാശപ്പെട്ടു.