വധശ്രമക്കേസ്: ലക്ഷദ്വീപ് എം.പിക്കെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പി: മുഹമ്മദ് ഫൈസലിനെതിരായ കവരത്തി സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷിക്കപ്പെട്ട നാലുപേര്‍ക്കും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.
മുന്‍ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ നാലുപേര്‍ക്കു കവരത്തി സെഷന്‍സ് കോടതി പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരേ ഫൈസല്‍, സയിദ് മുഹമ്മദ് നൂറുല്‍ അമീന്‍, മുഹമ്മദ് ഹുെസെന്‍ തങ്ങള്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.

കേസിലെ പരാതിക്കാരനെതിരേ നല്‍കിയ കേസ് പരിഗണിക്കാതെയാണു വിചാരണക്കോടതി തങ്ങള്‍ക്കെതിരേ ശിക്ഷ വിധിച്ചതെന്നു അപ്പീലില്‍ പറയുന്നു. വധശ്രമത്തിന് ഉപയോഗിച്ചെന്നു പറയുന്ന ആയുധം പോലും കണ്ടെത്തിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേ സമയം, മുഹമ്മദ് ഫൈസലിന്റെ പങ്ക് സാക്ഷിമൊഴികളില്‍നിന്നും തെളിവുകളില്‍നിന്നും വ്യക്തമാണെന്നും ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

Share
അഭിപ്രായം എഴുതാം