ന്യൂഡല്‍ഹി: പാരീസ്- ന്യൂഡല്‍ഹി വിമാനത്തിലെ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പേരില്‍ എയര്‍ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). ഡിസംബര്‍ ആറിനു പാരീസില്‍നിന്നു ന്യൂഡല്‍ഹിയിലേക്കു പറന്ന എ.ഐ.-142 വിമാനത്തില്‍ മദ്യപിച്ചു ലക്കുകെട്ട യാത്രികന് ശൗചാലയത്തില്‍ പുകവലിച്ചതാണ് പിഴയീടാക്കാന്‍ കാരണമായ ഒരു സംഭവം. മറ്റൊരു യാത്രക്കാരന് സഹയാത്രിക ശൗചാലയത്തില്‍ പോയ സമയത്ത് അവരുടെ സീറ്റും പുതപ്പും കൈയടക്കി. ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പേരില്‍ എയര്‍ ഇന്ത്യയുടെ അക്കൗണ്ടബിള്‍ മാനേജര്‍ക്ക് ഡി.ജി.സി.എ. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും മറികടന്നു വഴിവിട്ട രീതിയില്‍ പ്രവര്‍ത്തിച്ച യാത്രികര്‍ക്കെതിരേ നടപടി എടുക്കാത്തതെന്തെന്ന് ചോദിച്ചായിരുന്നു നോട്ടീസ്.
നോട്ടീസിന് ഇക്കഴിഞ്ഞ 23-ന് എയര്‍ ഇന്ത്യ മറുപടി നല്കി. ഈ മറുപടി പരിശോധിച്ച ശേഷമാണ് പിഴയിട്ടതും. വിമാനയാത്രികന് സഹയാത്രികയ്ക്കു മേല്‍ മൂത്രമൊഴിച്ചെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പേരില്‍ അഞ്ചു ദിവസം മുമ്പാണ് എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴയിട്ടത്.

