ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റും നിരവധി പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനു പിന്തുണയുമായെത്തിയ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനോട് വേദി വിടാന്‍ അഭ്യര്‍ഥിച്ച് സമരക്കാര്‍.
”ദയവായി മടങ്ങിപ്പോകൂ മാഡം. ഇത് കായികതാരങ്ങളുടെ പ്രതിഷേധമാണ്. ഇതിനെ രാഷ്ട്രീയമാക്കരുതെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.”- ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് ബജ്‌രംഗ് പുനിയ കൂപ്പുകൈകളോടെ പറഞ്ഞു. ”എല്ലാത്തരം ലൈംഗിക ഉപദ്രവങ്ങള്‍ക്കും സ്ത്രീകളെ അപമാനിക്കുന്ന നടപടികള്‍ക്കും എതിരാണു ഞങ്ങള്‍. അതിനാല്‍, സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്.
ഗുസ്തി താരങ്ങള്‍ ഇവിടെ വന്ന് സമരം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഏതു പാര്‍ട്ടിയുടെ സര്‍ക്കാരായാലും സ്ത്രീകളുടെ പരാതിയില്‍ നടപടി ഉറപ്പാക്കണം. അന്വേഷണം അവസാനിക്കുന്നതുവരെ കുറ്റാരോപിതനായ വ്യക്തിയെ മാറ്റി നിര്‍ത്തണം.”- വൃന്ദ കാരാട്ട് പിന്നീടു പറഞ്ഞു. അതേസമയം, മുന്‍ ഗുസ്തി താരവും ബി.ജെ.പി. നേതാവുമായ ബബിത ഫോഗട്ട് സമരം ചെയ്യുന്നവരുമായി കൂടിക്കാഴ്ച നടത്തി. ”സര്‍ക്കാരില്‍നിന്നുള്ള സന്ദേശ”വുമായാണ് ഹരിയാനയിലെ ബി.ജെ.പി. മന്ത്രിസഭയില്‍ അംഗമായ ബബിത സമരവേദിയിലെത്തിയത്. വിഷയത്തില്‍ ഇന്നലെത്തന്നെ നടപടിയെടുക്കുമെന്നും അവര്‍ ഉറപ്പുനല്‍കിയിരുന്നു. ”ഞാനും ഗുസ്തിതാരം ആയിരുന്നു. ബി.ജെ.പി. സര്‍ക്കാര്‍ ഗുസ്തി താരങ്ങള്‍ക്കൊപ്പമാണ്. ഞാനൊരു ഗുസ്തി താരവും സര്‍ക്കാരിന്റെ പ്രതിനിധിയുമായതിനാല്‍ മധ്യസ്ഥത വഹിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. ഇത്തരം സംഭവങ്ങള്‍ എന്റെ കരിയറിനിടയിലും കേട്ടിട്ടുണ്ട്” -ബബിത ഫോഗട്ട് പറഞ്ഞു.