കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് ഹവാല ഇടപാടില്‍ ഇ.ഡി. അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കണ്ണൂരിലെ അര്‍ബന്‍ നിധി വന്‍തോതില്‍ ഹവാല പണമിടപാട് നടത്തിയതായി പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സമാന്തരസ്ഥാപനമായ എനി ടൈം മണിയുടെ പേരില്‍ ഇടപാട് നടന്നുവെന്ന് കണ്ടെത്തിയതോടെ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമാരംഭിച്ചു.
ഹവാലപ്പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നുവെന്ന കാര്യമാണ് അന്വേഷിക്കുന്നത്. ഗള്‍ഫ് കേന്ദ്രീകരിച്ചു ഡയറക്ടര്‍മാരില്‍ ചിലര്‍ക്കുണ്ടായ ബിസിനസ് ബന്ധങ്ങളാണു ഹവാല ഇടപാടുകളുടെ സാധ്യതയിലേക്ക് അന്വേഷണത്തിന്റെ ദിശ മാറ്റിയത്. ഇതോടെ കേസ് അന്വേഷണം പൂര്‍ണമായി ഇ.ഡി ഏറ്റെടുക്കാനും സാധ്യതയേറി.

അഞ്ഞൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് അര്‍ബന്‍നിധിയുമായി ബന്ധപ്പെട്ടു നടന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘം കരുതുന്നത്. അതുകൊണ്ടുതന്നെ ഈ കേസ് ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ പോലീസിനു പരിമിതികളുണ്ട്. നാള്‍ക്കുനാള്‍ പരാതികള്‍ വര്‍ധിച്ചുവരുന്നതും പോലീസിനു പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

അര്‍ബന്‍ നിധിക്കെതിരേ മയ്യില്‍ പോലിസ് സ്‌റ്റേഷനില്‍ പുതുതായി ഒരു കേസ്‌കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റിയാട്ടൂരിലെ റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കെ.വി. വത്‌സരാജിന്റെ പരാതിയിലാണ് കേസെടുത്തത്. 13.30 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണു പരാതി. 2022 മേയിലാണ് പണം നല്‍കിയത്. ആദ്യം പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് ചെറിയ തുകയാണ് നിക്ഷേപിച്ചതെങ്കിലും പിന്നീട് 13.5 ശതമാനം പലിശ വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് കൂടുതല്‍ തുക നിക്ഷേപിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. പയ്യന്നൂര്‍ വെള്ളൂരിലെ ഭര്‍തൃമതിയില്‍നിന്ന് എട്ടുലക്ഷം രൂപ വാങ്ങിയശേഷം തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസും അര്‍ബന്‍ നിധി ഡയറക്ടര്‍മാര്‍ക്കെതിരേ കേസെടുത്തു. ഒഴക്രോം സ്വദേശിനിയായ പി.വി. ഗിരിജയുടെ 36,000 രൂപ വാങ്ങിയശേഷം തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ കണ്ണപുരം പോലീസും പിണറായി കാപ്പുമ്മല്‍ സ്വദേശി കൃഷ്ണദീപത്തില്‍ കെ.വി. സുധിയുടെ പതിനേഴുലക്ഷം നിക്ഷേപമായി സ്വീകരിച്ച ശേഷം വഞ്ചിച്ചുവെന്ന പരാതിയില്‍ പിണറായി പോലീസും കേസെടുത്തിട്ടുണ്ട്.

ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഇതിനകം അര്‍ബന്‍ നിധിക്കെതിരേ നിരവധി നിക്ഷേപത്തട്ടിപ്പുകളാണ് പരാതികളായി വന്നുകൊണ്ടിരിക്കുന്നത്.
അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു മയ്യില്‍ പോലീസ് ഇതുവരെ നാലു കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. നാലു പരാതികളിലായി അരക്കോടിയിലേറെ രൂപയാണ് നിക്ഷേപകര്‍ക്കു നഷ്ടമായത്. കരിങ്കല്‍കുഴിയിലെ പി. ആതിരയില്‍നിന്നും പതിനഞ്ചുലക്ഷം രൂപയും കണ്ണാടി പറമ്പിലെ ശബരിനിവാസില്‍ മുരളിയില്‍നിന്നു 15.20ലക്ഷം രൂപയും കണ്ണാടിപറമ്പ് പൂളുക്കല്‍ നിഷയില്‍നിന്നും ഏഴരലക്ഷം രൂപയും തട്ടിയെന്ന പരാതിയില്‍ കഴിഞ്ഞദിവസം മയ്യില്‍ പോലീസ് കേസെടുത്തിരുന്നു.
എനി ടൈം മണിയിലൂടെ ഹവാല പണമിടപാട് നടന്നുവെന്ന സൂചനയെത്തുടര്‍ന്ന് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. നൂറ്റി അന്‍പതുകോടിയുടെ നിക്ഷേപത്തട്ടിപ്പാണ് ഇതുവരെ പരാതിയായി വന്നിട്ടുള്ളത്. ഇതില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ മാത്രം നിക്ഷേപകര്‍ക്ക് നാല്‍പതു കോടി നഷ്ടപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →