ഹൈദരാബാദ്: ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷമുന്നണി രൂപീകരണത്തിനു തുടക്കമിട്ട് തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്രസമിതി (ബി.ആര്‍.എസ്) നേതാവുമായ കെ. ചന്ദ്രശേഖരറാവു. തെലങ്കാന രാഷ്ട്രസമിതി പേരുമാറ്റി ബി.ആര്‍.എസ്. ആയശേഷമുള്ള ആദ്യയോഗത്തോടനുബന്ധിച്ച് ഹൈരാബാദിലെ ഖമ്മം പട്ടണത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്ത മറ്റ് രാഷ്ട്രീയകക്ഷി നേതാക്കളുടെ നിര ശ്രദ്ധേയമായി. സി.പി.എമ്മില്‍നിന്നു കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ആം ആദ്മി പാര്‍ട്ടിയില്‍നിന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജനതാദള്‍ (എസ്) നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കര്‍ണാടകത്തില്‍ പഞ്ചരത്‌ന രഥയാത്രയിലായതിനാല്‍ യോഗത്തിനെത്തിയില്ല. കേന്ദ്രത്തില്‍ ബി.ജെ.പി. സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നു യോഗത്തെ അഭിസംബോധന ചെയ്ത അഖിലേഷ് യാദവ് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ േനതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനം ജമ്മു കശ്മീരില്‍ മഹാസംഭവമാക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നതിനു മുന്നോടിയായാണു ബി.ആര്‍.എസിന്റെ നിര്‍ണായകനീക്കമെന്നതും ശ്രദ്ധേയമാണ്. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് എസ്.പിയും സി.പി.എമ്മും ഉള്‍പ്പെടെ 21 പ്രതിപക്ഷകക്ഷികള്‍ക്കു ക്ഷണമുണ്ട്. എന്നാല്‍, കെജ്‌രിവാളിന്റെ എ.എ.പിയെ ഒഴിവാക്കി. അേതസമയം, ബി.ആര്‍.എസ്. റാലിയില്‍ പ്രസംഗിച്ച നേതാക്കളാരും ഭാരത് ജോഡോ യാത്രയെ പരാമര്‍ശിച്ചതേയില്ല. അഖിലേഷും കെജ്‌രിവാളും കോണ്‍ഗ്രസിനോടുള്ള വിപ്രതിപത്തി പ്രകടിപ്പിച്ചു. ത്രിപുര നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങുമ്പോള്‍തന്നെയാണു സി.പി.എം, ചന്ദ്രശേഖരറാവുവിന്റെ ദേശീയപരീക്ഷണത്തില്‍ പങ്കാളിയാകുന്നത്.
പ്രധാനമന്ത്രിക്കസേരയില്‍ കണ്ണുനട്ട് വേറെയും പ്രമുഖനേതാക്കള്‍ കച്ചമുറുക്കുന്നതു റാവുവിന്റെ ദേശീയമോഹങ്ങള്‍ക്കു വിഘാതമാണ്. കെജ്‌രിവാള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരാണു മത്സരത്തില്‍ മുന്‍നിരയിലുള്ളത്. കഴിഞ്ഞ സെപ്റ്റംബറില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെയും റാവു സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, മൂന്നാംമുന്നണിയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും, 2024-ല്‍ ബി.ജെ.പിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഏകമുന്നണിയാകും ഉണ്ടാവുകയെന്നുമായിരുന്നു നിതീഷിന്റെ നിലപാട്.

