ആലപ്പുഴ: ജില്ല സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 72 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടികൂടി. 44 ചാക്ക് പച്ചരി, ഒരു ചാക്ക് പുഴുക്കലരി, 26 ചാക്ക് കുത്തരി, ഒരു ചാക്ക് ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. ആലപ്പുഴ കുതിരപ്പന്തി വാർഡിൽ മുട്ടത്തുപറമ്പ് റോഡിന് സമീപം അടച്ചിട്ട വീട്ടിൽ നിന്നാണ് ഇവ പിടികൂടിയത്.
അനധികൃതമായി സൂക്ഷിക്കുന്ന റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടികൂടുന്നതിനായി ജില്ല കളക്ടറുടെ നിർദേശപ്രകാരം ജില്ലയിൽ പ്രവർത്തനമാരംഭിച്ച സ്ക്വാഡിനാണ് രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് ജില്ല സപ്ലൈ ഓഫീസർ ടി. ഗാനദേവിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ആളൊഴിഞ്ഞ വീടിനുള്ളിൽ റേഷൻ ഭക്ഷ്യധാന്യങ്ങളടങ്ങിയ ചാക്ക് കെട്ടുകൾ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് വീടിനുള്ളിൽ കയറി ഇവ പിടിച്ചെടുത്തത്. വിവരമറിഞ്ഞ് ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജയും സ്ഥലത്ത് എത്തിയിരുന്നു.
റേഷനിങ് ഇൻസ്പെക്ടർമാരായ നിഷ പി.യു, വിജില കുമാരി, മുനീർ, ഡ്രൈവർ സുരേഷ്, എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

