ന്യൂഡൽഹി: എ.ടി.എമ്മിൽ പണം നിറയ്ക്കാനെത്തിയ വാനിന്റെ സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ചു. ജയ് സിങ് (55) എന്ന സുരക്ഷാജീവനക്കാരനാണ് മോഷ്ടാവിന്റെ വെടിയേറ്റത്. വെടിവെച്ച ശേഷം വാനിലുണ്ടായിരുന്ന എട്ടുലക്ഷം രൂപ കവർന്നു. 2023 ജനുവരി 10 ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വസീറാബാദ് മേഖലയിൽ ജഗത്പുർ ഫ്‌ളൈ ഓവറിന് സമീപമാണ് സംഭവം.
വാൻ സ്വകാര്യബാങ്ക് എ.ടി.എമ്മിന്റെ മുന്നിലെത്തിയപ്പോൾ മോഷ്ടാവ് പിന്നിൽനിന്നെത്തി വെടിയുതിർക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സാഗർ സിങ് കൽസി പറഞ്ഞു. പരിക്കേറ്റ ജയ് സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവിധ സംഘങ്ങൾ രൂപവത്കരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിയെ കണ്ടെത്തുന്നതിന്റെ ഭാഗമായി മേഖലയിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കും

