തിരുവനന്തപുരം: ഇപി ജയരാജനെതിരെ അവിഹിത സ്വത്ത് സമ്പാദന ആരോപണം ഉയർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ധർണ നടത്തുന്നു. പ്രതിഷേധ പരിപാടി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. 100 കോടി രൂപയുടെ നിക്ഷേപം ആ റിസോർട്ടിലുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. ക്വാറി, റിസോർട്ട് മാഫിയകളെല്ലാം നിക്ഷേപകരാണ്. പാർട്ടിയിൽ വന്ന ആരോപണം പറഞ്ഞ് തീർക്കേണ്ടതാണോയെന്ന് ചോദിച്ച വിഡി, പാർട്ടി തന്നെ വിജിലൻസും പോലീസുമായി ആരോപണം തീർപ്പാക്കിയെന്ന് കുറ്റപ്പെടുത്തി. ഇപി എങ്ങനെ ഇനി എൽഡിഎഫ് കൺവീനറായി തുടരുമെന്നും അദ്ദേഹം ചോദിച്ചു.
കെഎം ഷാജിയുടെ വീടിന്റെ അളവ് പരിശോധിക്കാൻ വിജിലൻസ് മൂന്ന് തവണ പോയെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ ഭരണകൂടത്തിന്റെ ഉപകരണമാക്കുകയാണ് സംസ്ഥാനത്തെ പിണറായി വിജയൻ സർക്കാർ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തിൽ ചെയ്യുന്നത് പിണറായി വിജയൻ ഇവിടെ ചെയ്യുന്നു. സജി ചെറിയാൻ രാജിവെച്ചപ്പോഴുണ്ടായ സാഹചര്യത്തിന് എന്ത് മാറ്റമുണ്ടായിട്ടാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ തിരിച്ചെടുത്തതെന്നും വിഡി സതീശൻ ചോദിച്ചു.

