ഇത്തിരിക്കൈകളില്‍ ഒത്തിരി സ്നേഹവുമായി പറയകാട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍

ആലപ്പുഴ: പഠനത്തോടൊപ്പം കാരുണ്യത്തിന്റേയും പങ്കുവെക്കലിന്റെയും പാഠമാവുകയാണ് പറയകാട് ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍. അഗതികള്‍ക്കും മറ്റ് അര്‍ഹരയാവര്‍ക്കും ഭക്ഷ്യ ധാന്യങ്ങള്‍ ശേഖരിച്ച് നല്‍കുന്ന പദ്ധതിക്കാണ് ഇവിടത്തെ കുരുന്നകള്‍ തുടക്കമിട്ടത്. എല്‍.കെ.ജി. മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ ‘ഇത്തിരി കൈകള്‍ ഒത്തിരി സ്നേഹം’ എന്ന പദ്ധതി ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ കളക്ടറേറ്റില്‍ ഉദ്ഘാടനം ചെയ്തു. 

പങ്കുവെക്കല്‍, കരുണ എന്നിവയുടെ മഹത്വം കുട്ടികള്‍ക്ക് ചെറിയ പ്രായത്തില്‍തന്നെ മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. സഹജീവികളെ പരിഗണിച്ചുള്ള കുട്ടികളുടെ ഈ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് കളക്ടര്‍ പറഞ്ഞു. ഇതിന് പിന്തുണ നല്‍കുന്ന അധ്യാപകരേയും രക്ഷിതാക്കളേയും കളക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു.

കടല, പരിപ്പ്, പയര്‍, ഗ്രീന്‍പീസ്, പഞ്ചസാര തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങളും സോപ്പ്, ഹാന്‍ഡ് വാഷ് അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുമടങ്ങിയ കിറ്റാണ് നല്‍കുന്നത്. സ്‌കൂളിലെ അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെയാണ് ഭക്ഷ്യ ധാന്യങ്ങള്‍ ശേഖരിച്ച് അര്‍ഹായവര്‍ക്ക് കൈമാറുന്നത്. ഭക്ഷ്യ ധാന്യങ്ങള്‍ മൂന്ന് മാസത്തിലൊരിക്കല്‍ വിതരണം ചെയ്യും. ആശ, അങ്കണവാടി പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. ആദ്യ ഘട്ടത്തില്‍ 15-ല്‍പ്പരം കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്. ഒരു കുടുംബത്തിന് രണ്ട് മാസം വരെ ഉപയോഗിക്കാനാവശ്യമായ ഭക്ഷ്യ ധാന്യങ്ങളാണ് കിറ്റിലുണ്ടാവുക. 

കളക്ടറുടേ ചേമ്പറില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍, സ്‌കൂള്‍ പ്രധമാധ്യാപിക ജലജ വി. പൈ, അധ്യാപകരായ സി.പി. ലതിന്‍ജിത്ത്, കെ.എസ്. ശ്രീലത, വി. പ്രേമലത, കെ.എന്‍. നസിയ, കെ. നീതു എന്നിവര്‍ പങ്കെടുത്തു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →