തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട് ചെതലയത്തു പ്രവര്‍ത്തിക്കുന്ന ഗോത്ര പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെതിരേ ഇടത് അധ്യാപകസംഘടനയായ അസോസിയേഷന് ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് (ആക്ട്) പ്രസിഡന്റ് ഡോ. വസുമതി കോടതിയെ സമീപിച്ചു. തന്റെ വിശദീകരണം പോലും ആരായാതെ കെട്ടിച്ചമച്ച ആരോപണങ്ങളെത്തുടര്‍ന്ന് അന്യായമായി പുറത്താക്കുകയായിരുന്നുവെന്നാണ് പരാതിക്കാരിയുടെ വാദം. കഴിഞ്ഞ ആഴ്ചയാണ് വൈസ് ചാന്‍സലര്‍ ഇടത് അധ്യാപക യൂണിയന് നേതാവായ ഡോ. വസുമതിയെ നോട്ടീസ് പോലും നല്‍കാതെ പുറത്താക്കിയത്.
ഗോത്ര പഠനവിഭാഗത്തിലെ ചില അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമാണ് പുറത്താക്കുന്നത് എന്നും മറ്റുമാണ് ഉത്തരവിലുള്ളത്. അതേസമയം കാരണം എന്താണെന്നു വ്യക്തമാക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയാറായിട്ടില്ല.സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് നേരത്തെ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി വൈസ് ചാന്‍സലര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പക്ഷെ സിന്‍ഡിക്കറ്റില്‍ ഇതുവരെ റിപ്പോര്‍ട്ട് വച്ചിട്ടില്ലെന്നും അതിനു മുമ്പെ വൈസ് ചാന്‍സലര്‍ നടപടിയെടുത്തുവെന്നുമാണ് ആരോപണം.
തന്റെ ഭാഗം കേള്‍ക്കണമെന്നും നിലവില്‍ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും ഡോ. വസുമതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്താക്കല്‍ ഉത്തരവിലെ സൂചന അനുസരിച്ച് ഗോത്രവര്‍ഗ വിഭാഗത്തിനുനേരെ ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്നാണു മനസിലാവുന്നത്.ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനു പരാതി ലഭിച്ചിരുന്നു. പരാതി പട്ടികജാതി വര്‍ഗ കമ്മിഷനു കൈമാറി അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ആഭ്യന്തര നടപടിയും കോടതി കയറ്റവും. നിലവില്‍ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതോടെ മറ്റ് അന്വേഷണങ്ങളും നടപടികളും മന്ദഗതിയിലാവും. ഇതിനു വേണ്ടിയായിരുന്നോ വി.സിയുടെ നടപടിക്രമങ്ങള്‍ പാലിക്കാത്ത ധൃതിപ്പെട്ട പുറത്താക്കലും പരാതിക്കാരിയുടെ നിയമനടപടിയും എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

