ആഫ്രിക്കന്‍ പന്നിപ്പനി; പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ പന്നിമാംസ വിതരണത്തിന് വിലക്ക്

മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍  ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പന്നിമാംസ വിതരണം നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. പാമ്പാക്കുടയിലെ ഫാമില്‍ രോഗം ബാധിച്ച് എട്ട് പന്നികള്‍ ചത്ത സാഹചര്യത്തിലാണ് നടപടി. അതേസമയം  എച്ച്1 എന്‍1 പന്നി പനി പോലെ  മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരാത്തതിനാല്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജില്ലാ കളക്ടര്‍ക്ക് വേണ്ടി  അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍ പുറത്തിറക്കിയ ഉത്തരവില്‍ രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവില്‍ രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശത്ത് പന്നി മാംസ വിതരണത്തിനു പുറമേ വില്‍പ്പന നടത്തുന്ന കടകളുടെ പ്രവര്‍ത്തനവും പന്നി, മാംസം, തീറ്റ തുടങ്ങിയവ ജില്ലയുടെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്.

രോഗവ്യാപനം തടയുന്നതിനായി രോഗം സ്ഥിരീകരിച്ച ഫാമിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു ഫാമുകളിലെയും പന്നികളെ കൊന്നൊടുക്കും. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇവിടെനിന്ന് മറ്റു ഫാമുകളിലേക്ക്  പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് അനധികൃതമായി മാംസവും പന്നികളെയും കടത്താനുള്ള സാധ്യത പരിഗണിച്ച് ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന കവാടങ്ങളിലും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുമായി ചേര്‍ന്ന്  ശക്തമായ പരിശോധന നടത്തും.

പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്ഥാപന പ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന  ദ്രുതകര്‍മ്മ സേനയെ രൂപീകരിക്കണം. ജില്ലയിലെ മറ്റു ഭാഗങ്ങളില്‍  പന്നിപ്പനി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ രോഗ വ്യാപനം തടയുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എ.ഡി.എം നിര്‍ദ്ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →