പാലക്കാട്: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ ദമ്പതിമാരടക്കം മൂന്നുപേരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി സന്തോഷ് (28), ഭാര്യ അഭിഷാക് റോയ് (24), ഇവരുടെ സുഹൃത്ത് ഫായിസ് (27) എന്നിവരെയാണ് പിടികൂടിയത്.
2022 ഡിസംബർ 9 ന് 150 ഗ്രാം മെത്താഫെറ്റമിനുമായി നാലുയുവാക്കളെ പാലക്കാട് നഗരത്തിൽ നിന്ന് അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് ഇവർക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന്, പോലീസ് ബെംഗളൂരുവിലെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഫായിസിനെതിരേ മയക്കുമരുന്ന് കൈവശംവെച്ചതിന് തൃശ്ശൂരിൽ മുൻപും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

