സന്നിധാനത്ത് അന്നമേകിയത് 6.5 ലക്ഷം ഭക്തര്‍ക്ക്

ശബരിമല: മണ്ഡലകാലത്ത് ആറരലക്ഷത്തോളം ഭക്തര്‍ക്ക് അന്നമേകി ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപം. പ്രതിദിനം 17,000 പേരാണ് മൂന്നുനേരമായി ഭക്ഷണത്തിന് എത്തുന്നത്. 23/12/2022 രാവിലെ വരെ 6,35,000 പേര്‍ അന്നദാനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് സ്‌പെഷല്‍ ഓഫീസര്‍ എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഭക്തരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും സംഭാവനയായി 87 ലക്ഷം രൂപ ലഭിച്ചു.മാളികപ്പുറം ക്ഷേത്രത്തിനു സമീപമാണ് ആധുനികരീതിയില്‍ പണികഴിപ്പിച്ച അന്നദാന മണ്ഡപം. ഒരുനേരം 7,000 പേര്‍ക്ക് ഇവിടെ ഭക്ഷണം കഴിക്കാം. മൂന്നു ഷിഫ്റ്റുകളിലായി 240 പേര്‍ ഇവിടെ ജോലി ചെയ്യുന്നു.പ്രഭാത ഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ചുക്കുവെള്ളം എന്നിവ രാവിലെ 6.30 മുതല്‍ 11 മണി വരെ വിതരണം ചെയ്യും. ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെ പുലാവ്, അച്ചാര്‍, സാലഡ്, ചുക്കുവെള്ളം എന്നിവയും രാത്രിഭക്ഷണമായി വൈകിട്ട് 6.30 മുതല്‍ 11.15 വരെ കഞ്ഞി പയര്‍/അസ്ത്രം എന്നിവയുമാണ് നല്‍കുന്നത്.ഇവിടെ നിന്നു വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉദ്യോഗസ്ഥസംഘം പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷമാണ് ഭക്തര്‍ക്ക് വിളമ്പുന്നതെന്നു സ്‌പെഷല്‍ ഓഫീസര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →