കോഴിക്കോട്: സഹപ്രവർത്തകനെതിരെ പീഡന പരാതി നൽകിയതിന്റെ പേരിൽ യുവതിയെ ആശുപത്രി മാനേജ്മെന്റ് പുറത്താക്കിയതായി പരാതി. കോഴിക്കോട് പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലെ പിആർഒയെയാണ് പുറത്താക്കിയത്. പൊലീസിന് നൽകിയ പരാതി പിൻവലിക്കാൻ ആശുപത്രി മാനേജ്മെന്റ് ആവശ്യപ്പെട്ടതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ പി ആർ ഓ ആയ യുവതി മാനേജർ ഷഫീറിന്റെ മോശം പെരുമാറ്റത്തിനിതെരെ ആശുപത്രി മാനേജ്മെൻറിനാണ് ആദ്യം പരാതി നൽകിയത്. പലവട്ടം മാനേജരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായതായി യുവതി പറയുന്നു. മാനേജർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പരാതിക്കാരിക്കെതിരെ മാനേജ്മെന്റ് നടപടി സ്വീകരിച്ചെന്നാണ് ആക്ഷേപം. ട്രെയിനി സ്റ്റാഫെന്ന നിലയിൽ സ്ഥാപനത്തിനെതിരായ പ്രവർത്തനമുണ്ടായതിനാൽ സ്വമേധയാ പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് മാനേജ്മെൻറ് പരാതിക്കാരിക്ക് കത്ത് നൽകി.
യുവതിയുടെ പരാതിയിൽ ആശുപത്രി മാനേജരായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഷഫീറിനെതിരെ പയ്യോളി പോലീസ് കേസെടുത്തു. ഇയാൾക്കെതിരെ മറ്റൊരു ജീവനക്കാരി നൽകിയ പരാതിയിലും പയ്യോളി പോലീസ് കേസെടുത്തിട്ടുണ്ട്. ഷഫീറിപ്പോൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അസഭ്യം പറഞ്ഞെന്ന യുവതിയുടെ പരാതിയിൽ മാനേജർക്ക് താക്കീത് നൽകിയതാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഈ നടപടിയിൽ തൃപ്തിയില്ലെന്ന് പറഞ്ഞതിനാൽ ആശുപത്രിയിൽ നിന്നും പുറത്ത് പോയി നിയമനടപടി സ്വീകരിക്കാമെന്നാണ് പരാതിക്കാരിയെ അറിയിച്ചതെന്നും ആശുപത്രി അധികൃതർ പറഞ്ഞു

